
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റിയതിന്റെ പേരിൽ സർക്കാർ ഓഫീസുകളിലെ ബോർഡുകളും ഫലകങ്ങളും ഉടൻ മാറ്റേണ്ടതില്ലെന്ന് സർക്കാർ. നിലവിലുള്ള സാധനങ്ങൾ ഉപേക്ഷിച്ച് പുതിയത് വാങ്ങുന്നതിനും പണം ചെലവഴിക്കുന്നതിനും വിലക്ക്. നിലവിലുള്ള പേപ്പറുകളും ഫയലുകളും വെറുതെ കളയരുതെന്നും ആവശ്യമായ തിരുത്തലുകൾ വരുത്തി ഉപയോഗിക്കണമെന്നും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലർ പുറത്തിറക്കി.
‘കേരള’ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിലവിലെ ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ സ്റ്റോക്ക് തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തി ഉപയോഗിക്കണം. സംസ്ഥാനത്തിന്റെ പേര് മാറ്റിയതിന്റെ പേരിൽ നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതിയവ അച്ചടിക്കുകയോ ചെയ്യേണ്ടതില്ലെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
സാങ്കേതികമായി സാധ്യമാകുന്നിടത്ത് ഇംഗ്ലീഷിലെ “Kerala” എന്നത് അധികമായി ‘m’ ചേർത്ത് “Keralam” ആക്കാം. അതുപോലെ മലയാളത്തിലെ “കേരള” എന്നത് ആവശ്യമായ തിരുത്തൽ വരുത്തി “കേരളം” ആക്കി ഉപയോഗിക്കാം. സൈൻബോർഡുകൾക്ക് സാധാരണ പെയിന്റിംഗ്, അറ്റകുറ്റപ്പണി, മാറ്റിസ്ഥാപിക്കൽ എന്നിവ ആവശ്യമായി വരുന്ന സമയത്ത് ഇത്തരം മാറ്റങ്ങൾ ക്രമാനുസൃതമായി നടത്താമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ പേര് മാറ്റിയതിന്റെ പേരിൽ മാത്രം ഫർണിച്ചർ, വാഹനങ്ങൾ, ഉപകരണങ്ങൾ, സ്റ്റേഷനറി, സൈൻബോർഡുകൾ, മുദ്രകൾ, ബോർഡുകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ സർക്കാർ സ്വത്തുക്കൾ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മാറ്റിസ്ഥാപിക്കാൻ ചെലവഴിക്കരുതെന്നും സർക്കുലറിൽ നിർദേശമുണ്ട്. ഭരണപരമോ പ്രവർത്തനപരമോ ആയ നിർബന്ധിത സാഹചര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട അധികാരിയുടെ പ്രത്യേക അനുമതിയോടെ മാത്രമേ ഇത്തരം മാറ്റങ്ങൾ നടത്താവൂ.






