
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി കോൺഗ്രസ് പാർട്ടിക്കുള്ളിൽ വടംവലി ശക്തമാകുമ്പോൾ അടൂർ പ്രകാശും രംഗത്തുവരുന്നു. ഇരട്ട പദവിയെ എതിർക്കുന്നവർ മുമ്പ് രണ്ട് പദവികൾ വഹിച്ചിരുന്നവരായിരുന്നോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് ആവശ്യപ്പെട്ടു. മറ്റ് പ്രമുഖർക്കൊപ്പം തനിക്കും അധ്യക്ഷപദവിക്ക് ആഗ്രഹമുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് ഈ പരാമർശം.
കെപിസിസി അധ്യക്ഷ പദവിയുമായി ബന്ധപ്പെട്ട അവസാന തീരുമാനമെടുക്കേണ്ടത് എഐസിസി ആണ്. ആ തീരുമാനത്തിൽ ആർക്കും കൈകടത്താൻ സാധിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ട എന്നായിരുന്നു എഐസിസി തീരുമാനം. അത് എല്ലാവരും അംഗീകരിച്ചു. ഇപ്പോൾ ഇരട്ടപദവിക്കെതിരെ പറയുന്നവർ ഇരട്ടപദവി വഹിച്ചിട്ടുള്ള കാര്യം കൂടി പരിശോധിക്കണമെന്നും പ്രകാശ് പറഞ്ഞു.
അതേസമയം കെപിസിസി അധ്യക്ഷനായി കെസി വേണുഗോപാലോ അദ്ദേഹം നിർദേശിക്കുന്ന ആളോ ആകുമെന്നാണ് പൊതുവെയുള്ള സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനാൽ കെസിക്ക് സംസ്ഥാന കോൺസിന്റെ അധ്യക്ഷപദവി നൽകാൻ ഹൈക്കമാൻഡിനും താല്പര്യമെന്നാണ് അറിയുന്നത്. ഇതിനിടെ നിലവിൽ സംസ്ഥാന കോൺഗ്രസ് ഇല്ല എന്ന വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താനും രംഗത്തുവന്നു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും രണ്ട് വര്‍ക്കിംഗ് പ്രസിഡന്റുമാരും മന്ത്രിമാരായത് പാർട്ടി സംവിധാനത്തെ ഗുരുതരമായി ബാധിക്കുന്നു എന്നാണ് ഉണ്ണിത്താൻ ചൂണ്ടിക്കാണിച്ചത്.






