
കോട്ടയം: കോട്ടയത്തെ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിന്റെ വീട്ടിൽ നടത്തിയ മിന്നൽ റെയ്ഡിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബാറുകളിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണർ മാസപ്പടി പിരിച്ചിരുന്നതായാണ് എക്സൈസ് കമ്മീഷണറുടെ പരിശോധനയിൽ കണ്ടെത്തിയതെന്നാണ് വിവരം. ബാറുകളിലെ പരിശോധനയ്ക്കായി ജില്ലയിൽ എത്തിയ എക്സൈസ് കമ്മീഷണർക്ക് ഡെപ്യൂട്ടി കമ്മീഷണറുമായി ബന്ധപ്പെട്ട അനധികൃത ഇടപാടുകളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടന്നത്.
ബാറുകളിൽ നിന്ന് പണം പിരിച്ചുനൽകാൻ ചുമതലപ്പെടുത്തിയിരുന്നത് ഒരു ബാർ മാനേജരെയായിരുന്നുവെന്നാണ് വിവരം. മിന്നൽ പരിശോധനയ്ക്കിടെ മാനേജരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ കോൾ എത്തിയത്. കമ്മീഷണർ ജില്ലയിലുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണർ ഫോണിലൂടെ നിർദേശിച്ചതായാണ് റിപ്പോർട്ട്. ഈ സംഭാഷണം ഉൾപ്പെടെ എക്സൈസ് കമ്മീഷണർ റെക്കോർഡ് ചെയ്തതായും വിവരമുണ്ട്. മാനേജരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ലഭിച്ച തെളിവുകളുമായി അശോക് കുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.
ഡെപ്യൂട്ടി കമ്മീഷണർ എല്ലാ മാസവും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയിരുന്നതായാണ് അന്വേഷണത്തിലെ കണ്ടെത്തലെന്നാണ് വിവരം. പണം പിരിച്ചുനൽകിയിരുന്ന ബാർ മാനേജരിൽ നിന്ന് ഇടപാടുകളുടെ തെളിവുകളും ലഭിച്ചതായി റിപ്പോർട്ടുണ്ട്. വലിയ തുകകളുടെ ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഫോണിൽ നിന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. പണത്തിന് പുറമെ മാസാമാസം മദ്യസൽക്കാരവും നടന്നിരുന്നതായാണ് ആരോപണം. ചങ്ങനാശേരി റേഞ്ചിലെ ചില എക്സൈസ് ഉദ്യോഗസ്ഥർക്കും ഇടപാടുകളിൽ പങ്കുണ്ടെന്ന കണ്ടെത്തലും പുറത്തുവന്നിട്ടുണ്ട്. ബാറുകളിലെ സിസിടിവി ദൃശ്യങ്ങളിൽ ഉദ്യോഗസ്ഥർ മദ്യം വാങ്ങി മടങ്ങുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചതായാണ് വിവരം.
കോട്ടയത്തിന് പുറമെ ആലപ്പുഴയിലും പണപ്പിരിവും അഴിമതിയും നടക്കുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ബാറുടമകളിൽ നിന്ന് പണവും മദ്യവും ഉദ്യോഗസ്ഥർ വാങ്ങുന്നതായാണ് ആരോപണം. ഇതുസംബന്ധിച്ച് നിരവധി പരാതികൾ എക്സൈസ് വകുപ്പിന് ലഭിച്ചതായും റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെ ആലപ്പുഴ ജില്ലയിലും കർശന പരിശോധന നടത്താൻ എക്സൈസ് കമ്മീഷണർ നീക്കം ആരംഭിച്ചതായാണ് വിവരം. കമ്മീഷണറുടെ നടപടികൾക്ക് എക്സൈസ് മന്ത്രിയുടെ പിന്തുണയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.






