
ആറന്മുള: വന്ദേമാതരം പൂർണമായി ആലപിക്കില്ല എന്ന ശാഠ്യത്തിൽ നിന്ന് സർക്കാർ പിന്നോട്ടുപോയി. ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ സന്നിഹിതനായ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിൽ എതിർപ്പൊന്നും കൂടാതെ വന്ദേമാതരം പൂർണമായി ആലപിച്ചു.
ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ എന്നിവരും മന്ത്രിമാരായ രമേശ് ചെന്നിത്തലയും മോൻസ് ജോസഫും വേദിയിൽ സന്നിഹിതരായിരുന്നു. ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തിൽ മാത്രമായിരുന്നു വന്ദേമാതരം ഒഴിവാക്കിയത്. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം പൂർണമായി ആലപിച്ചിരുന്നു. അതിനൊപ്പം ദേശീയ ഗീതം പൂർണമായി ആലപിക്കുന്നത് തടയാൻ സോണിയ ഗാന്ധി ശ്രമിച്ചുവെന്ന ആരോപണവും ഉയർന്നുവന്നു.
ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങിലും വന്ദേമാതരം പൂർണമായി ആലപിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെ രൂക്ഷമായി വിമർശിച്ച് ഇടതുപക്ഷം രംഗത്തുവന്നിരുന്നു.






