
കുവൈത്ത് സിറ്റി: കുവൈത്തിൽ ഓൺലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകൾക്ക് പുതിയ നിയന്ത്രണങ്ങൾ. ഉപഭോക്താക്കളെയും ബിസിനസ് സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന തേർഡ് പാർട്ടി ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരും.
ഡെലിവറി മേഖലയെ കൂടുതൽ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്വന്തം വെബ്സൈറ്റുകളിലൂടെയോ ഓർഡറിങ് ആപ്പുകളിലൂടെയോ ഉൽപന്നങ്ങൾ നേരിട്ട് വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന റസ്റ്ററന്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ബാധകമല്ല.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി നൽകുന്ന ഓർഡറുകൾക്ക് ഈടാക്കാവുന്ന ഡെലിവറി ഫീസ് പരമാവധി ഒരു കുവൈത്തി ദിനാർ ആയി നിശ്ചയിച്ചതാണ് പ്രധാന മാറ്റം. ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് ഈടാക്കാവുന്ന കമ്മിഷൻ 10 മുതൽ 17 ശതമാനം വരെ മാത്രമായിരിക്കും.
കൂടാതെ, പ്രവർത്തന ഫീസ്, പ്രോസസിങ് ഫീസ്, മറ്റ് അഡ്മിനിസ്ട്രേറ്റീവ് സർചാർജുകൾ തുടങ്ങിയ പേരുകളിൽ ഉപഭോക്താക്കളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ അധിക തുക ഈടാക്കുന്നതിനും നിയന്ത്രണമുണ്ടാകും. പുതിയ വ്യവസ്ഥകൾ ഡെലിവറി മേഖലയിലെ അധിക ചാർജുകൾ നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.






