
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അപമാനിച്ച മുൻ ഡിസിസി അംഗം ചേന്തി അനിലിന് ജാമ്യം ലഭിക്കാൻ സർക്കാർ തന്നെ സാഹചര്യമൊരുക്കുന്നതായി ആക്ഷേപം. അനിലിന്റെ ജാമ്യ ഹർജിയിൽ സർക്കാർ അഭിഭാഷക മൃദുസമീപനം കാട്ടി എന്നാണ് ആരോപണം. മുഖ്യന്ത്രി ചെമ്പഴന്തി ഗുരുകുലം സന്ദർശിക്കാൻ പോകുന്ന വഴിയായിരുന്നു വഴി തടഞ്ഞത്. അത് ഔദ്യോഗിക യാത്ര അല്ല എഞ്ഞും അതിനാൽ ഔദ്യോഗിക കൃത്യനിർവഹകണം തടഞ്ഞു എന്ന ജാമ്യമില്ലാ വകുപ്പ് നിലനിൽക്കില്ല എന്നും പ്രതിഭാഗം വാദിച്ചുവെങ്കിലും സർക്കാർ അഭിഭാഷക അതെക്കുറിച്ച് കോടതിയെ ധരിപ്പിച്ചില്ല എന്നാണ് ആക്ഷേപമുയരുന്നത്. തിങ്കളാഴ്ചയാണ് അനിലിന്റെ ജാമ്യഹർജിയിൽ വിധി പറയുന്നത്.
ചേന്തി അനിലിന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തുവെങ്കിലും അത് ബന്ധുക്കൾക്ക് വീട്ടുകൊടുത്തത് പൊലീസിൽ ഉള്ള സ്വാധീനം മൂലമാണെന്ന് വിമർശനമുണ്ട്. എന്നാൽ കോൾ വിശദാംശങ്ങൾ മാത്രം ശേഖരിച്ചാൽ മതിയെന്നാണ് ഇതിനു പൊലീസ് നൽകുന്ന മറുപടി. മറ്റു മൊബൈൽ വിശദാംശങ്ങൾ പരിശോധിക്കാതിരുന്നത് സ്വാധീനം മൂലമാണെന്നാണ് വിമർശനം.
അതേസമയം അനിലിനെ കസ്റ്റഡിയിൽ വേണ്ട എന്നും പൊലീസ് അറിയിച്ചു. ഫോറൻസിക് പരിശോധനയ്ക്കായി അനിലിന്റെ ശബ്ദ സാമ്പിളുകൾ ജയിലിൽ എത്തി ശേഖരിക്കാനാണ് പൊലീസ് നീക്കം. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ചതിന്റെ വീഡിയോ ഫോറസിക് പരോധനയ്ക്ക് അയക്കുമ്പോൾ അനിലിന്റെ ശബ്ദം ശാസ്ത്രീയമായി തെളിയിക്കാനാണ് ശബ്ദ സാമ്പിൾ ശേഖരിക്കുന്നത്.






