
കണ്ണൂർ: സിപിഎം നേതൃത്വത്തിനും മുൻ മുഖ്യമന്ത്രി പിണറായി വിജയനും മറുപടിയുമായി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ. പിണറായിയുടേത് ഭീഷണിയുടെ സ്വരമാണെന്നും തെറ്റുകൾ തിരുത്താൻ പാർട്ടി നേതൃത്വം തയ്യാറല്ലെന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ വ്യക്തമായെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചു. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കിയിട്ടും അതിനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് പിണറായിയുടെയും ജില്ലാ സെക്രട്ടറിയുടെയും ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോഴും ഭീഷണിയുടെ സ്വരത്തിൽ മുന്നോട്ടുപോകാനാണ് സിപിഎം നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
മാസപ്പടി കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നേതൃത്വം നൽകുമെന്നാണ് കരുതിയതെന്നും എന്നാൽ അതുണ്ടായില്ലെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണകൾ മാറ്റാൻ സാവകാശമുണ്ടായിട്ടും അതിന് ശ്രമിക്കാതെ പാർട്ടി സ്വയം അപഹാസ്യരാകുകയാണെന്നും അദ്ദേഹം വിമർശിച്ചു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് ശേഷമാണ് യുഡിഎഫ് ഉപാധികളില്ലാതെ പിന്തുണച്ചതെന്നും പാർട്ടിയിലായിരുന്ന കാലത്ത് എതിരാളികളുമായി യാതൊരു ബന്ധവും പുലർത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എത്ര വീടുകളിൽ കയറി പ്രചാരണം നടത്തിയിട്ടും താൻ പറയുന്നത് തെറ്റാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഎമ്മിന് കഴിഞ്ഞില്ലെങ്കിൽ പിശക് സംഭവിച്ചത് പാർട്ടിക്കുതന്നെയാണെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
മധുസൂദനൻ നൽകിയ കേസ് കോടതി ഫയലിൽ പോലും സ്വീകരിച്ചിട്ടില്ലെന്നും പ്രകോപനപരമായി കേസ് നടത്തുകയും തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് സിപിഎം തുടക്കം മുതൽ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളെയും ക്ഷണിച്ചിരുന്നെന്നും ബിജെപി പങ്കെടുക്കുകയും ഇടതുപക്ഷം വിട്ടുനിൽക്കുകയുമാണ് ചെയ്തതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. അതേസമയം, ധനരാജിന്റെ പേര് ഉച്ചരിക്കരുതെന്ന കെ.കെ. രാഗേഷിന്റെ പ്രസംഗം വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വിമർശിച്ചു. താൻ പാർട്ടിയിലുണ്ടായിരുന്ന സമയത്താണ് ധനരാജ് കൊലചെയ്യപ്പെട്ടതെന്നും കൃഷ്ണപിള്ള, ഇ.എം.എസ്, വി.എസ് എന്നിവരുടെ പേരുകൾ പറയാൻ അവകാശമുള്ളതുപോലെ ധനരാജിന്റെ പേരും പറയാൻ എല്ലാവർക്കും അവകാശമുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ചിലർ ചിന്താശേഷി നഷ്ടപ്പെട്ട് വികാരത്തിന് അടിമപ്പെട്ടാണ് സംസാരിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ വിമർശിച്ചു. ഇരിട്ടി എഡ്യൂക്കേഷണൽ സൊസൈറ്റിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉൾപ്പെടെ നിരവധി തട്ടിപ്പുകൾ ഇനിയും പുറത്തുവരാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം തട്ടിപ്പുകളിൽ പങ്കാളികളായ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ കുറ്റപ്പെടുത്തി. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയെക്കുറിച്ചുള്ള കേന്ദ്രകമ്മിറ്റി നിലപാടിനെയും പാർട്ടി നേതൃത്വത്തിന്റെ ഇപ്പോഴത്തെ പ്രതികരണങ്ങളെയും ചുറ്റിപ്പറ്റിയുള്ള തർക്കം ഇതോടെ കൂടുതൽ രൂക്ഷമാകുകയാണ്.






