
കോഴിക്കോട്: നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച് ഉപയോഗിച്ച് പോലീസുകാരനെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. എംഎസ്പിയിലെ സിവിൽ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദർശിനാണ് (25) പരുക്കേറ്റത്. ചികിത്സ തേടിയ ആദർശ് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം രാത്രി തന്നെ ആശുപത്രി വിട്ടു.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ മാനാഞ്ചിറ സ്ക്വയറിലാണ് സംഭവം. സ്ഥലത്ത് പ്രശ്നമുണ്ടെന്ന വിവരത്തെ തുടർന്ന് പട്രോളിങ് സംഘം എത്തിയപ്പോഴാണ് ആറുപേരെ കണ്ടത്. പോലീസിനെ കണ്ടതോടെ രണ്ടുപേർ ഓടിരക്ഷപ്പെട്ടു. ശേഷിച്ച നാലുപേരെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഒരാൾ കൈവശമുണ്ടായിരുന്ന സിറിഞ്ച് ഉപയോഗിച്ച് ആദർശിന്റെ വലതുകൈയിൽ കുത്തിയത്.
തുടർന്ന് നാലുപേരും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. കണ്ടാലറിയാവുന്ന ആറുപേരെ പ്രതികളാക്കി ടൗൺ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പുലർച്ചെയോടെ മൂന്നുപേരെ പിടികൂടിയത്. ചോദ്യം ചെയ്ത ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
രാമനാട്ടുകര സ്വദേശികളായ രജാദ് (38), ബെന്നി ലോയിഡ് (48), നന്ദകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നിൽ ലഹരി സംഘമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒളിവിലുള്ള മറ്റ് മൂന്ന് പേർക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.






