
ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. വാഗ്ദാനങ്ങൾക്കും വാക്കുകൾക്കുമല്ല, പ്രവൃത്തികൾക്കാണ് പ്രാധാന്യമെന്ന് സിബൽ പറഞ്ഞു. വിദേശത്ത് നല്ല വാക്കുകൾ പറയുന്നവർ സ്വന്തം നാട്ടിൽ അതേ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
‘നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ ഡിഎൻഎയിലുണ്ട്’ എന്ന ഭാഗവതിന്റെ പ്രസ്താവനയെയാണ് സിബൽ വിമർശിച്ചത്. വിദേശത്ത് വിവേകപൂർവമായ വാക്കുകൾ പറയുകയും സ്വന്തം നാട്ടിൽ മൗനം പാലിക്കുകയും ചെയ്യുന്ന അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനിലെ ഇൻഫോസിസ് തിയേറ്ററിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെയും വിവിധ മതനേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഹൻ ഭാഗവത് വൈവിധ്യത്തെ ആഘോഷിക്കുകയും ആദരിക്കുകയും വേണമെന്ന് പറഞ്ഞത്.
സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഉദ്ധരിച്ച ഭാഗവത്, ഭാരതത്തിന് പ്രത്യേകമായൊരു നിയോഗമുണ്ടെന്നും വ്യക്തമാക്കി. ഐക്യവും വൈവിധ്യവുമാണ് ഭാരതത്തിന്റെ ഡിഎൻഎയിലുള്ളത്. നാം ഒന്നാണെന്നും വൈവിധ്യങ്ങളിലൂടെ ആ ഏകത്വം കൂടുതൽ മനോഹരമാകുന്നുവെന്നും ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുകയാണ് ഭാരതത്തിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.






