
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള ജലവിതരണ കരാർ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഹേഗ് ആസ്ഥാനമായുള്ള സ്ഥിരം ആർബിട്രേഷൻ കോടതി വിധി ഇന്ത്യ തള്ളിക്കളഞ്ഞു. ഇന്ത്യയുടെ പരമാധികാര തീരുമാനങ്ങളിൽ കോടതിക്ക് "അധികാരപരിധിയില്ലെന്നും" സിന്ധു നദീജല കരാർ നിർത്തിവച്ചത് തുടരുമെന്നുമാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.
കരാർ അവസാനിപ്പിക്കാനോ തടയാനോ ഇന്ത്യയ്ക്ക് യാതൊരു ന്യായീകരണവുമില്ലെന്നും ഇരു രാജ്യങ്ങൾക്കുമിടയിലുള്ള കരാർ പൂർണ്ണമായും നിലവിലുണ്ടെന്നും ആർബിട്രേഷൻ കോടതി വ്യക്തമാക്കി.കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ട് തൊട്ടടുത്ത ദിവസം, സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചത് ഉൾപ്പെടെ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു.
1960 സെപ്റ്റംബറിൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീതടത്തിന്റെ പങ്കിടൽ നിയന്ത്രിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തത്. "രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ കഴിയില്ല" എന്ന തങ്ങളുടെ ദീർഘകാല നയം ഇന്ത്യ ആവർത്തിച്ചു. സ്വന്തം മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന അതിർത്തി കടന്നുള്ള ഭീകര ശൃംഖലകൾ തകർക്കാൻ ഇസ്ലാമാബാദ് നടപടികൾ സ്വീകരിക്കുന്നതുവരെ കരാർ പ്രകാരമുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുമെന്ന് ന്യൂഡൽഹി വ്യക്തമാക്കിയിട്ടുണ്ട്.
"കരാറിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ലോകബാങ്കാണ് ഈ കോടതിയെന്ന് വിളിക്കപ്പെടുന്ന സംവിധാനം ഉണ്ടാക്കിയത്. ഈ നിയമവിരുദ്ധമായ സമിതിയുടെ മുൻകാല പ്രഖ്യാപനങ്ങളെല്ലാം ഇന്ത്യ എങ്ങനെയാണോ ശക്തമായി എതിർത്തത്, അതുപോലെതന്നെ ഈ വിധിയേയും ഇന്ത്യ പൂർണ്ണമായും തള്ളിക്കളയുന്നു," വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഈ "നിയമവിരുദ്ധമായി രൂപീകരിച്ച സമിതിയുടെ" നിയമപരമായ നിലനിൽപ്പ് ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും, ഈ ആർബിട്രൽ ബോഡിയുടെ രൂപീകരണം തന്നെ സിന്ധു നദീജല കരാറിന്റെ ഗുരുതരമായ ലംഘനമാണെന്നാണ് ഇന്ത്യ എക്കാലത്തും നിലപാടെടുത്തിട്ടുള്ളതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.






