
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ്–ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീകലയ്ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്നാണ് ഭർത്താവിന്റെ ആരോപണം.
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ വിവരം അറിയിച്ചിട്ടും ഡോക്ടറെ അറിയിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. വേദന സഹിക്കാനാകാതെ ലേബർ റൂമിലേക്ക് കയറിച്ചെന്ന ശ്രീകലയെ നഴ്സുമാർ തിരികെ കൊണ്ടുവന്നെന്നും കുടുംബം പറയുന്നു. പിന്നീട് ശസ്ത്രക്രിയ നടത്തിയ ശേഷമാണ് കുഞ്ഞ് മരിച്ചത്.
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആശുപത്രി അധികൃതരോ ജില്ലാ മെഡിക്കൽ ഓഫീസറോ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.






