
തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ നടന്നെന്ന ആരോപണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബി വഴി 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നും ഭൂമി ഏറ്റെടുക്കലിന്റെ പകുതിയിലധികവും കണ്ണൂരിലാണ് നടന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അന്വേഷണരീതി സർക്കാർ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കിഫ്ബി കാരണം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽനിന്ന് 25,932.55 കോടി രൂപ കുറച്ചെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. ധനവകുപ്പിന്റെ നിർദേശങ്ങൾ മറികടന്ന് വായ്പകൾക്ക് സർക്കാർ ഗ്യാരണ്ടി നൽകിയതും റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിവർഷം 396 കോടി രൂപ അധിക പലിശയിനത്തിൽ ചെലവാകുന്നുണ്ടെന്നും മസാല ബോണ്ട് വഴി 181.73 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ആരോപിച്ചു.
കിഫ്ബി പദ്ധതികൾക്കായി കണ്ണൂരിലും പാലക്കാട്ടും കിൻഫ്ര വഴി ഭൂമി ഏറ്റെടുക്കുന്നതിന് 12,727 കോടി രൂപയുടെ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ 1,000 ഏക്കർ ഭൂമി 2,489 കോടി രൂപയ്ക്ക് ഏറ്റെടുത്തു. ആകെ പദ്ധതികളുടെ 41.6 ശതമാനവും മൂന്ന് ജില്ലകളിൽ കേന്ദ്രീകരിച്ചെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബിയുടെ പരസ്യച്ചെലവിലും ക്രമക്കേടുണ്ടെന്നാണ് ഓഡിറ്റ് കമ്മിറ്റി റിപ്പോർട്ടിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണക്കിൽ 21.16 കോടി രൂപ പരസ്യത്തിനായി ചെലവഴിച്ചതായി രേഖപ്പെടുത്തിയപ്പോൾ യഥാർഥ ചെലവ് 203.72 കോടി രൂപയായിരുന്നുവെന്നാണ് കണ്ടെത്തൽ. അനുമതിയില്ലാതെ 498 പേരെ നിയമിച്ചതായും ധനവകുപ്പിന്റെ അനുമതിയില്ലാതെ ശമ്പളം വർധിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.
കിഫ്ബിക്കായി സർക്കാരിന് 70,415.54 കോടി രൂപ നൽകേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, തുടങ്ങിയ പദ്ധതികൾ പാതിവഴിയിൽ ഉപേക്ഷിക്കുന്നത് സർക്കാരിന് നഷ്ടമുണ്ടാക്കുമെന്നതിനാൽ ഭാവിയിൽ കിഫ്ബി വഴി പദ്ധതികൾ ഏറ്റെടുക്കുന്ന കാര്യത്തിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയമായി കിഫ്ബിയെ തകർക്കാനല്ല സർക്കാരിന്റെ നീക്കമെന്നും റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുള്ളതിനാലാണ് അന്വേഷണം പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.






