
കൽപ്പറ്റ: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ മരിച്ച വയനാട് സ്വദേശിനി ദേവികയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി ടി. സിദ്ദിഖ്. ദേവികയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയെ സഹായിക്കുന്ന നിലപാട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. അപകടത്തിൽ മരിച്ച കർണാടക സ്വദേശിയുടെ കുടുംബവുമായി സംസാരിച്ചെന്നും അവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കാൻ കർണാടക മന്ത്രിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അപകടക്കേസിലെ മുഖ്യപ്രതി സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. അപകടം നടന്ന വിമാനത്താവള റോഡിലും പ്രതികൾ മദ്യപിച്ച ബാറിലുമാണ് തെളിവെടുപ്പ് നടത്തിയത്. അപകടസ്ഥലത്തും പിന്നീട് വാഹനം നിർത്തിയ സ്ഥലത്തും സുഹൈൽ അന്വേഷണ സംഘത്തിന് വിവരങ്ങൾ കാണിച്ചുകൊടുത്തു. ആളുകൾ കൂടിയതിനെത്തുടർന്ന് ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിയെ വാഹനത്തിൽനിന്ന് പുറത്തിറക്കിയില്ല.
തുടർന്ന് നെടുമ്പാശ്ശേരിയിലെ ബാറിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അപകടത്തിന് മുമ്പ് പ്രതികൾ അവസാനമായി മദ്യപിച്ചത് ഇവിടെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബാറിൽ ഏറെനേരം തെളിവെടുപ്പ് തുടർന്നു. കേസുമായി ബന്ധപ്പെട്ട് മറ്റ് ബാറുകളിലും തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.






