
കൊച്ചി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് ആർ. ശ്രീലേഖയ്ക്കെതിരെ വിമർശനവുമായി റോജി എം. ജോൺ. മേയർ പദവി ലഭിക്കാത്തതിന്റെ നിരാശയും കൗൺസിലർ സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ നാണക്കേടും മറച്ചുവയ്ക്കാൻ രാഹുൽ ഗാന്ധിക്കെതിരെ തിരിയേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഘപരിവാർ നേതൃത്വത്തെ പ്രീതിപ്പെടുത്താനും മാധ്യമശ്രദ്ധ നേടാനും സംസ്കാരശൂന്യമായ പരാമർശങ്ങൾ നടത്തുന്നത് സ്വയം അപഹാസ്യയാകാൻ മാത്രമേ ഉപകരിക്കൂവെന്നും റോജി എം. ജോൺ ഫേസ്ബുക്കിൽ കുറിച്ചു.
ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങളെ മയക്കുമരുന്ന് ലഹരിയിലെ താണ്ഡവമെന്ന് വിശേഷിപ്പിച്ച ശ്രീലേഖയുടെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു. ശിവഭഗവാന്റെ താണ്ഡവത്തെ മയക്കുമരുന്നിന്റെ വെപ്രാളവുമായി താരതമ്യം ചെയ്യുന്നത് ഹൈന്ദവ വിശ്വാസങ്ങളെയും ഭക്തിയെയും രാഷ്ട്രീയ ലാഭത്തിനായി വളച്ചൊടിക്കുന്നതിന് തുല്യമാണെന്ന് റോജി എം. ജോൺ ആരോപിച്ചു.
മേയർ പദവി പ്രതീക്ഷിച്ച് പൊതുപ്രവർത്തനത്തിനിറങ്ങിയ ശ്രീലേഖ, ആ സ്ഥാനം ലഭിക്കാത്തതിനെത്തുടർന്ന് നിരാശ പ്രകടിപ്പിക്കുകയായിരുന്നുവെന്നും കൗൺസിലർ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ തീരുമാനിച്ച അവർക്ക് രാഹുൽ ഗാന്ധിയെ വിലയിരുത്താൻ അർഹതയില്ലെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
കന്യാകുമാരി മുതൽ കശ്മീർ വരെ ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധി നടത്തിയ യാത്രകളെക്കുറിച്ച് ആലോചിച്ചാൽത്തന്നെ ശ്രീലേഖയ്ക്ക് വിശ്രമിക്കേണ്ടിവരുമെന്നും റോജി എം. ജോൺ പരിഹസിച്ചു. അപക്വമായ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തോട് മാപ്പുപറയുകയാണ് ശ്രീലേഖ ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






