
കൊച്ചി: ചീഫ് ജചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന വിവാദ പോസ്റ്റിൽ കെപിസിസിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. എസ്ഐആർ വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിനിടെയാണ് കെപിസിസിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതേക്കുറിച്ചുള്ള ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ മുന്നണി സമയം ചോദിച്ചിരുന്നു. എന്നാൽ, നിയമപരമായ കാരണങ്ങളാൽ അത് നിഷേധിക്കപ്പെട്ടു. പിന്നീട് കോൺഗ്രസ് പാർട്ടി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നതിനിടെയാണ് വിവാദമായ പോസ്റ്റ് പ്രത്യക്ഷമായത്. ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്നും പകരം ആളെ കണ്ടെത്തിക്കൊള്ളാം എന്നുമുള്ള വിദ്വേഷ പോസ്റ്റ് ഉടൻ തന്നെ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തയായിരുന്നു. മുഖം രക്ഷിക്കാനായി കെപിസിസി ഉടൻ തന്നെ പോസ്റ്റ് പിൻവലിച്ചു.
കെപിസിസിയുടെ അറിവോടെയല്ല പോസ്റ്റ് വന്നതെന്ന് പിന്നീട് സണ്ണി ജോസഫ് പറഞ്ഞു. കാരണക്കാരനായ വ്യക്തിയെ പുറത്താക്കിയതായും കോടതിയുടെ നിഷ്പക്ഷത സംബന്ധിച്ച് കോണ്ഗ്രസ് പാര്ട്ടിക്ക് യാതൊരുവിധ അഭിപ്രായവ്യത്യാസവുമില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതിഷേധങ്ങളിൽ സുപ്രീം കോടതിയെ വലിച്ചിഴക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആവശ്യപ്പെട്ടിരുന്നു. ജനാധിപത്യ പ്രവർത്തനങ്ങൾ നടക്കട്ടെ. എന്നാൽ, അത് സുപ്രീംകോടതിയുടെ പ്രവർത്തനങ്ങളെ ബാധിക്കരുത്. ഇക്കാര്യം പ്രതിഷേധക്കാരോടും അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു.






