
തിരുവനന്തപുരം: സംസ്ഥാനത്ത് വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ചു കൊണ്ട് സര്ക്കാര് ഉത്തരവിറക്കി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായ എം.സി. മായിന് ഹാജിയെയാണ് പുതിയ ചെയര്മാനായി നിശ്ചയിച്ചിരിക്കുന്നത്.
ആകെ ഒമ്പത് അംഗങ്ങളുള്ള പുതിയ സമിതിയാണ് നിലവില് വന്നിട്ടുള്ളത്. മുന് ചെയര്മാന് ഹംസ നല്കിയ ഹര്ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഈ പുനഃസംഘടന. ഇതില് സമസ്ത മുശാവറയില് നിന്ന് പുറത്താക്കപ്പെട്ട മുസ്തഫല് ഫൈസിയെയും ബോര്ഡ് അംഗമായി ഉള്പ്പെടുത്തിയിട്ടുണ്ട്. എം.എല്.എമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീനെയും തെരഞ്ഞെടുത്തിട്ടുണ്ട്.
മാര്ച്ചിലാണ് കെ.എസ്. ഹംസയെ ഇടതു സര്ക്കാര് ചെയര്മാനായി നിയമിച്ചത്. ബോര്ഡിന്റെ കാലാവധി നാലര വര്ഷംകൂടി ബാക്കിനില്ക്കെയാണ് ഈ മാറ്റം. ബോര്ഡ് പുനഃസംഘടന അനിവാര്യമാണെന്ന് സര്ക്കാര് ഹൈക്കോടതിയെയും ബോധിപ്പിച്ചിരുന്നു. ബോര്ഡ് അംഗമായ മുത്തവല്ലി ഉമ്മര് ഫൈസി മുക്കം പരസ്യമായി ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ചത് സര്ക്കാരിന് അമര്ഷമുണ്ടാക്കിയിരുന്നുവെന്നും വിലയിരുത്തപ്പെടുന്നു.
വഖഫ് ബോര്ഡ് പിരിച്ചുവിടാന് സര്ക്കാര് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. നിലവിലെ അംഗങ്ങളില് പലര്ക്കും ചട്ടപ്രകാരമുള്ള യോഗ്യതകളില്ലെന്നായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ട പ്രധാന വിഷയം. കൂടാതെ, നിലവിലുള്ള ബോര്ഡിന് നയപരമായ തീരുമാനങ്ങള് എടുക്കുന്നതിന്മേല് ഹൈക്കോടതിയുടെ വിലക്കുണ്ടായിരുന്നതും ഈ നീക്കത്തിന് ആക്കംകൂട്ടി. ബോര്ഡില് രണ്ട് അമുസ്ലിം അംഗങ്ങളെ നിയമിക്കുന്നത് സുപ്രീം കോടതിയിലെ കേസിലെ അന്തിമ വിധിക്ക് വിധേയമായിട്ടായിരിക്കും തീരുമാനിക്കുക.






