
പേരാവൂര്‍ : കൊട്ടിയൂര്‍ പീഡനക്കേസില്‍ രണ്ട് മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ തിരിച്ചറിയക്കത്ത വിധത്തില്‍ വാര്‍ത്തയും ദൃശ്യങ്ങളും നല്കിയ ഒരു ചാനലിനും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനും എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാന ബാലാവകാശ കമ്മിഷന് പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
മുഖം മനസിലാക്കാന്‍ കഴിയാത്തവിധം സംപ്രേക്ഷണം ചെയ്യാമെന്ന ചാനല്‍ അധികൃതരുടെ ഉറപ്പ് വിശ്വസിച്ച് അഭിമുഖം നല്‍കുകയും എന്നാല്‍, മാര്‍ച്ച് 9 ന് രാത്രി 10 മണിക്ക് ചാനല്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ വീടിന്റെ പശ്ചാത്തലത്തില്‍ രക്ഷിതാക്കളുടെ മുഖം തിരിച്ചറിയത്തക്ക വിധത്തിലാണ് ചാനല്‍ പരിപാടിയില്‍ സംപ്രേക്ഷണം ചെയ്തത്. പരാതിയില്‍ പറഞ്ഞിട്ടുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഭാഗത്തു നിന്നും സമാനമായ നിലപാടാണ് ഉണ്ടായത്. പെണ്‍കുട്ടി പരീക്ഷ എഴുതിയ സ്കൂളിന്റെ പേര് പ്രസിദ്ധീകരിച്ചതിലൂടെ പെണ്‍കുട്ടിയെ വായനക്കാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന ബാലവകാശകമ്മിഷന്റെ നിര്‍ദേശപ്രകാരം കേളകം എസ്.ഐ. ടി.വി. പ്രദീഷ് ഇരു സ്ഥാപനങ്ങളുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






