
പ്രകൃത്യാലുള്ള ദന്തങ്ങള്‍ എടുത്തു മാറ്റപ്പെടുമ്പോള്‍ പകരക്കാരായി എത്തുന്നവരാണ് കൃത്രിമ ദന്തങ്ങള്‍. പല്ലില്ലാതിരിക്കുന്ന അവസ്ഥ മുഖത്തിന്റെ ഭംഗിയേയും സംസാരത്തേയും ഭക്ഷണം ചവയ്ക്കാനുള്ള ശേഷിയും മാത്രമല്ല സമൂഹവുമായുള്ള നമ്മുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കാം.
മുഴുവനായോ ഭാഗികമായോ ഇവ വയ്ക്കാവുന്നതാണ്. മോണരോഗം മൂലം പല്ലിന് കൂടുതലായി ആട്ടം വരിക, കേടുമൂലം പല്ലുകള്‍ കുറ്റിയാകുക, റേഡിയേഷന് ആവശ്യമായിവരുക തുടങ്ങിയ കാരണങ്ങളാലാണ് രോഗിക്ക് പല്ല് മുഴുവനായും എടുക്കേണ്ടിവരുന്നത്.
മിക്ക ആളുകള്‍ക്കും കൃത്രിമ ദന്തങ്ങളെക്കുറിച്ചുള്ള ധാരണ കുറവാണ്. പല്ലുകള്‍ക്കു പകരം മറ്റൊന്ന് എന്ന ധാരണയാണ് പലര്‍ക്കും. കൃത്രിമദന്തങ്ങള്‍ വയ്ക്കുമ്പോള്‍ മുഖത്തിനു വരുന്ന മാറ്റങ്ങളും കൂടി കണക്കിലെടുക്കണം.
ഡോക്ടറുമായി വിശദമായി ചര്‍ച്ചചെയ്തു വേണം ദന്തങ്ങള്‍ തെരഞ്ഞെടുക്കാന്‍. പല്ലിന്റെ നിറം, പഴയ പല്ലുകളുടെ രൂപം, വലിപ്പം എന്നിവയെല്ലാം ഡോക്ടറുമായി സംസാരിക്കണം.
പല്ല് എടുത്ത ശേഷം മൂന്ന് മാസമെങ്കിലും കഴിഞ്ഞ് പല്ല് വയ്ക്കുന്നതാണ് ഉചിതം. മോണ ഉണങ്ങുന്നതിനു വേണ്ടിയാണിത്. എന്നാല്‍ ഈ സമയത്ത് പല്ല് ഒഴിവാക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഉടനെ വയ്ക്കാവുന്ന പല്ലുകള്‍ (ഇമ്മീഡിയറ്റ് ഡെഞ്ചര്‍) ഉപയോഗിക്കാം.
ഇത് മൂന്ന് നാല് മാസത്തിനുള്ളില്‍ മാറ്റിവയ്ക്കേണ്ടതാണ്. കാരണം മോണ ചുരുങ്ങുന്നതിനനുസരിച്ച് ഇമ്മീഡിയറ്റ് ഡെഞ്ചര്‍ അയഞ്ഞുവരാം.
രണ്ടു രീതികള്‍
കൃത്രിമ ദന്തങ്ങള്‍ രണ്ടു രീതിയില്‍ വയ്ക്കാം. ഒന്ന് മുഴുവനായും മറ്റൊന്ന് ഭാഗികമായും. ഏതാനും പല്ലുകള്‍ മാത്രം നഷ്ടപ്പെടുമ്പോള്‍ അവ വയ്ക്കുന്നതിനെയാണ് പാര്‍ഷ്യല്‍ ഡെന്റല്‍ അഥവാ ഭാഗികമായി പല്ലു വയ്ക്കുക എന്നു പറയുന്നത്.
പല്ലുകള്‍ മുഴുവനായി വയ്ക്കുന്നതിനുമുമ്പ് പല്ല് എടുത്തതുമൂലം മോണയിലുള്ള അപാകതകള്‍ പരിഹരിക്കേണ്ടതാണ്. ഇങ്ങനെ മോണ മിനുസപ്പെടുത്തുന്നതിലൂടെ പല്ല്വച്ചതിനുശേഷം മോണ അധികമായി പൊട്ടുന്നതും വേദന കുറയ്ക്കാനും കഴിയും.
പല്ല് വയ്ക്കുന്നതിനുമുമ്പ് രോഗിയെ പല്ല് വച്ചതിനുശേഷം ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞു മനസിലാക്കി മാനസികമായി തയാറെടുപ്പ് നല്കുന്നു. ഭാഗികമായി പല്ലു വയ്ക്കാന്‍ ഒന്നോ രണ്ടോ തവണ ഡോക്ടറുടെ കണ്ടാല്‍ മതിയാകും.
എന്നാല്‍ മുഴുവനായി പല്ല് വയ്ക്കുമ്പോള്‍ ഇതിലും കൂടുതല്‍ തവണ ഡോക്ടറേ സമീപിക്കേണ്ടിവരും. മെഴുകില്‍ പല്ലുവച്ച് അളവെടുക്കുന്ന സമയത്ത് പല്ലിന് എന്തെല്ലാം മാറ്റങ്ങള്‍ വേണമെന്ന് രോഗിക്ക് നിര്‍ദേശിക്കാവുന്നതാണ്. എന്നാല്‍ ദന്തങ്ങള്‍ പൂര്‍ണമായ ശേഷം മാറ്റങ്ങള്‍ സാധ്യമല്ല.
പല്ലുവച്ചതിനുശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. പല്ലു വച്ചാല്‍ മോണയുമായി യോജിക്കാന്‍ കുറച്ചു സമയം ആവശ്യമാണ്. ഈ സമയത്ത് കട്ടിയില്ലാത്ത ആഹാരം കഴിക്കുന്നതാണ് ഉത്തമം.
2. പല്ല് വയ്ക്കുമ്പോള്‍ കഠിന വേദന ഉണ്ടെങ്കില്‍ പല്ലു മാറ്റിവയ്ക്കാതെ എത്രയും വേഗം ഡോക്ടറെ കാണണം. മോണയിലെ ചുവപ്പു കാണുമ്പോള്‍തന്നെ വേദനയുള്ള ഭാഗം പെട്ടെന്ന് മനസിലാക്കാന്‍ ഡോക്ടര്‍ക്കു കഴിയും.
3. പല്ല് രാത്രിയില്‍ ഊരി വെള്ളത്തില്‍ ഇട്ട് വയ്ക്കണം. എന്നാല്‍ പല്ല് വയ്ക്കുന്ന ഒരാഴ്ച മുഴുവന്‍ സമയവും പല്ല് വായില്‍വച്ചാല്‍ അതുമായി വേഗത്തില്‍ സമ്പര്‍ക്കം ഉണ്ടാക്കാന്‍ കഴിയും.
4. പല്ല് വായില്‍നിന്ന് മാറ്റിവയ്ക്കുമ്പോള്‍ അത് ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അളവ് വ്യത്യാസം വരാന്‍ ഇത് കാരണമാകാം. അതിനാലാണ് വായില്‍ വയ്ക്കാത്തപ്പോള്‍ പല്ല് വെള്ളത്തില്‍ സൂക്ഷിക്കണമെന്ന് പറയുന്നത്.






