
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഏറെ പ്രതീക്ഷകളോടെ ന്യൂജനറേഷന് ഡിസൈറിനെ മാരുതി വിപണിയില്‍ എത്തിച്ചു. പുതിയ ഡിസൈറിന്റെ ആദ്യ സ്കെച്ചുകള്‍ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡിസൈറിനെ അവതരിപ്പിച്ചത്. മെയ് മാസം 16ന് വാണിജ്യാടിസ്ഥാനത്തില്‍ വിപണിയില്‍ എത്തുമെന്നും മാരുതി പറഞ്ഞു.
രൂപത്തില്‍ അല്പം പരിഷ്കാരത്തോടെയാണ് 2017 ഡിസൈര്‍ എത്തുന്നത്. രാജ്യത്തെ നിരവധി ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്താക്കളില്‍ നിന്നും പതിനായിരം രൂപ സ്വീകരിച്ച് പ്രീ ബുക്കിംങ് ആരംഭിച്ചിട്ടുണ്ട്. കോംപാക്ട് സെഡാന് മേഖലയില്‍ കനത്ത മല്‍സരം മുന്നില്‍കണ്ടുകൊണ്ടാണ് മാരുതി ഡിസൈറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
എന്‍ട്രി ലെവല്‍ സെഡാന് ശ്രേണിയില്‍ ടിഗോറും, ആസ്പെറും, എക്സെന്റും ഉയര്‍ത്തുന്ന ഭീക്ഷണി എതിരിടാന്‍ പ്രാപ്തമായ ഫീച്ചറുകളാണ് പുത്തന്‍ മോഡലിനെ മാരുതി അവതരിപ്പിച്ചിരിക്കുന്നത്.
മാരുതിയുടെ തന്നെ ഏറ്റവും ജനപ്രീയ മോഡലുകളില്‍ ഒന്നാണ് സ്വിഫ്റ്റ് ഡിസൈര്‍. കമ്പനിയുടെ പുതിയ ലൈറ്റ് വെയിറ്റ് പ്ലാറ്റ്ഫോമിലെത്തുന്ന 2017 ഡിസൈറിന് രൂപത്തിലാണ് പ്രധാനമായും മാറ്റങ്ങളുള്ളത്. ക്രേംഫിനിഷോടു കൂടിയ ഹെക്സഗണല്‍ ഗ്രില്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ഹെഡ്ലൈറ്റ്, സ്പോര്‍ട്ടിയായ അലോയ് വീലുകള്‍, പുതിയ എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയാണ് എക്സ്റ്റീരിയര്‍ സവിശേഷതകള്‍.
ഡാഷ്ബോര്‍ഡിലും സ്റ്റിയറിങ് വീലിലും വുഡണ്‍ സ്റ്റെലും മാരുതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സ്പേസ് നല്‍കിയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്ക് പ്രാധാന്യം നല്കി ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗ്, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നിവയെല്ലാം മാരുതി പുതിയ ഡിസൈറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ എന്‍ജിനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ വാഹനം ലഭ്യമാകും. 1.2 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍, ഡീസല്‍ വേരിയേന്റ്, 1.3 ലിറ്റര്‍ മള്‍ട്ടി-ജെറ്റ് എഞ്ചിനുമാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എഞ്ചിന് 83 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ എഞ്ചിന് 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്ക്കുമേകുന്നു.
വില സംബന്ധിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഏകദേശം 6-9 ലക്ഷത്തിനുള്ളിലാകും ഡല്‍ഹി എക്സ്ഷോറും വില.