
തിരുവനന്തപുരം: തൃശൂര്‍ അടാട്ട് ഫാമേഴ്സ് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഈ സഹകരണ ബാങ്ക് ഭരണ സമിതി എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആറു മാസത്തേക്ക് സസ്പെന്റു ചെയ്തിരുന്നു. ബാങ്ക് ഭരണസമിതി മുന്‍ പ്രസിഡന്റ് രജേന്ദ്രന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം അനില്‍ അക്കര എം.എല്‍.എ എന്നിവര്‍ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ മരുമകനാണ് രാജേന്ദ്രന്.
ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടതിനെതിരെ അനില്‍ അക്കര നേരത്തെ നിരാഹാര സമരവും നടത്തിയിരുന്നു. ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. ബാങ്കിലെ അഴിമതി അന്വേഷണത്തെ അനില്‍ അക്കര തടസ്സപ്പെടുത്തുകയാണെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് ആരോപിച്ചിരുന്നു. ബാങ്കില്‍ 47 കോടിയുടെ അഴിമതി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ തുടരന്വേഷണത്തെ അനില്‍ അക്കര തടസ്സപ്പെടുത്തുകയാണെന്നും കടകംപള്ളി ആരോപിച്ചു.
എന്നാല്‍ ബാങ്കില്‍ നിന്ന് കണ്‍സ്യുമര്‍ ഫെഡിനെന്ന പേരില്‍ മന്ത്രി എ.സി മൊയ്തീന്‍ന്റെ നിര്‍ദേശ പ്രകാരം 60 കോടി രൂപ പിന്‍വലിച്ചുവെന്നും അത് നിയമവിരുദ്ധമാണെന്നും അന്വേഷിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.






