ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെ എ.ഐ.സി.സിയുടെ ചുമതലകളില്‍ നിന്നും മാറ്റി. പകരം കെ.സി വേണുഗോപാല്‍ എം.പിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കി. ഗോവയുടെയും കര്‍ണാടകയുടെയും ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു ദിഗ്വിജയ് സിംഗ്. കെ.സി വേണുഗോപാലിന് കര്‍ണാടകയുടെ ചുമതല നല്കി. ഗോവയുടെ ചുമതല ചെല്ല കുമാറിന് നല്കി.
കര്‍ണാടക തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും ഗോവ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെയും പശ്ചാത്തലത്തിലാണ് നടപടി. ഗോവയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പരാജയപ്പെട്ടതില്‍ ദിഗ്വിജയ് സിംഗിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതിരുന്നത് ദിഗ്വിജയ് സിംഗിന്റെ വീഴ്ചയാണെന്ന് ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള പി.സി വിഷ്ണുനാഥിനെ എ.ഐ.സി.സി സെക്രട്ടറിയായും നിയമിച്ചു.






