
ലഖ്നൗ: പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്ക് ഉത്തര്‍പ്രദേശിലെ ഒരു പഞ്ചായത്തിന്റെ കല്പന. മഥുരയിലെ മദോര പഞ്ചായത്താണ് വിലക്കുമായി വന്നത്. പെണ്‍കുട്ടികള്‍ വീടിനു പുറത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. പ്രത്യേകിച്ച് റോഡിലൂടെ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒളിച്ചോട്ടത്തിന് കാരണമാകുമെന്നാണ് മുന്‍ വില്ലേജ് പ്രധാന് മുഹമ്മദ് ഗഫാറിന്റെ വിലയിരുത്തല്‍.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അവരെ വിലക്കുന്നില്ല. അവര്‍ക്ക് അവരുടെ വീടിനുള്ളില്‍ ഇരുന്ന് മൊബൈല്‍ ഉപയോഗിക്കാം. എന്നാല്‍ പുറത്തു വേണ്ട്. ഈ കല്പന ലംഘിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 2,100 രൂപ പിഴ ചുമത്തുമെന്നും ഗഫാര്‍ പറഞ്ഞു.
പശുവിനെ കൊല്ലുന്നവര്‍ക്കെതിരെയും കനത്ത പിഴ ചുമത്താന്‍ പഞ്ചായത്ത് തീരുമാനിച്ചു. 2.5 ലക്ഷം രൂപയാണ് ഗോവധത്തിന് ശിക്ഷ. ഗോവധത്തിനെതിരായ മുഖ്യമന്ത്രി യോഗി ആതദിത്യനാഥിന്റെ പ്രചാരണത്തെ മുസ്ലീം സമുദായം പിന്തുണയ്ക്കുകയാണ്. തങ്ങളും പളുവിനെ ആദരിക്കുന്നു. അതിനെ കൊല്ലാന്‍ അനുവദിക്കില്ല. പശുവിനെ കൊല്ലുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 51,000 രൂപ ഇനാം നല്‍കുമെന്നും ഗഫാര്‍ വ്യക്തമാക്കി.
പശുവിനെ കൊല്ലുന്നവരെ പോലീസില്‍ ഏല്‍പ്പിക്കുക മാത്രമല്ല അവരെ സമൂഹത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. പിഴത്തുക നല്കാന് ഒരുവന് കഴിഞ്ഞില്ലെങ്കില്‍ അയാളുടെ സ്വത്ത് കണ്ടുകെട്ടി ഈടാക്കും. പശുവിനെ മോഷ്ടിക്കുന്നവര്ക്കു ചുമത്തിയിരിക്കുന്ന പിഴ രണ്ടു ലക്ഷം രൂപയാണ്. മദ്യം വില്‍ക്കുന്നവര്‍ക്ക് 1.11 ലക്ഷം രുപയും പിഴ ചുമത്തുമെന്നും പഞ്ചായത്ത് വ്യക്തമാക്കി.






