
ഐ.വി.ശശി സംവിധാനം ചെയ്ത 'അഹിംസ'യുടെ ലൊക്കേഷനില്‍ വച്ചാണ് രതീഷിനെ പരിചയപ്പെടുന്നത്. അക്കാലത്ത് രതീഷ് സിനിമയിലേക്ക് വരുന്നതേയുള്ളൂ. ആ സൗഹൃദം നല്ല രീതിയില്‍ വളര്‍ന്നു. പിന്നീട് ഞങ്ങളൊരുമിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചു.
മിക്കപ്പോഴും ഒരു മുറിയിലായിരുന്നു താമസം. ഇടക്കാലത്ത് ഞങ്ങള്‍ രണ്ടുപേര്‍ക്കും സെക്കന്റ് ഗ്രേഡ് സിനിമകളില്‍ അഭിനയിക്കേണ്ടിവന്നു. ക്രോസ്ബെല്‍റ്റ് മണിയുടെ 'ഒറ്റയാനി'ലായിരുന്നു തുടക്കം. മണിയുടെ പടത്തിനൊരു ഗുണമുണ്ട്.
അത് പരാജയപ്പെടില്ല. പതിനഞ്ചു ദിവസം കൊണ്ട് ഷൂട്ടിംഗ് തീരും. പ്രണയവും സംഘട്ടനവും ഡിസ്കോ ശാന്തിയുടെ ഒരു ഡാന്‍സും ചേര്‍ത്തുള്ള മസാലപ്പടങ്ങളായിരിക്കും മിക്കതും. അതിനാല്‍ മിനിമം ഗ്യാരണ്ടി ഉറപ്പാണ്.
'ഒറ്റയാനി'ല്‍ അഭിനയിക്കുന്ന സമയത്തുതന്നെ 'റിവഞ്ച്' എന്ന മറ്റൊരു സിനിമയ്ക്കുകൂടി ഞാനും രതീഷും ഡേറ്റ് നല്കി. പക്ഷേ നിര്‍മ്മാതാവ് മാറിയതിനെത്തുടര്‍ന്ന് ആ സിനിമ പ്രതിസന്ധിയിലായി.
ക്രോസ്ബെല്‍റ്റ് മണിക്ക് മാത്രമല്ല, ഞങ്ങള്‍ക്കും ഇത് വിഷമമുണ്ടാക്കി. എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയത് അപ്പോഴാണ്. ഒരു ദിവസം ഞാന്‍ തിരുവനന്തപുരത്തെ വീട്ടില്‍ രതീഷിനെ കാണാന്‍ ചെന്നു.
''റിവഞ്ച് നമുക്ക് രണ്ടുപേര്‍ക്കും പ്രൊഡ്യൂസ് ചെയ്താലോ? സംവിധായകന് ക്രോസ്ബെല്‍റ്റ് മണിയായതിനാല്‍ മുടക്കുന്ന പണം തിരിച്ചുകിട്ടുകയും ചെയ്യും.''ഞാന്‍ ചോദിച്ചപ്പോള്‍ രതീഷ് സമ്മതിച്ചു.
അങ്ങനെയാണ് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് 'റിവഞ്ച്' നിര്‍മ്മിച്ചത്. രതീഷായിരുന്നു നായകന്. ഞാന്‍ വില്ലനും. ആ രീതിയില്‍ വീണ്ടും കുറെ സിനിമകള്‍ ഞങ്ങള്‍ നിര്‍മ്മിച്ചു. എല്ലാം നഷ്ടംവരാത്ത സിനിമകളായിരുന്നു.
ആ സമയത്തൊക്കെ രതീഷിനെ വലിയൊരു സങ്കടം അലട്ടിയിരുന്നു. വിവാഹം കഴിഞ്ഞ് നാളേറെയായിട്ടും കുട്ടികളില്ല. സിനിമയുടെ തിരക്കുകാരണം ചികിത്സ നടത്താന്‍ പോലും കഴിഞ്ഞില്ല.
ഇക്കാര്യം പലപ്പോഴും അവന് സൂചിപ്പിക്കുമായിരുന്നു. ഒരു ദിവസം അവനെ നിര്‍ബന്ധിച്ച് ഞാന്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ചികിത്സ തുടങ്ങിയതോടെ ആ പ്രശ്നത്തിന് പരിഹാരമായി. രതീഷ് പിന്നീട് നാലുകുട്ടികളുടെ അച്ഛനായി.
സിനിമ നിര്‍മ്മിക്കുകയും നല്ല വേഷങ്ങള്‍ കിട്ടുകയും ചെയ്തതോടെ രതീഷ് സാമ്പത്തികമായും രക്ഷപ്പെട്ടു. കൃഷി ചെയ്യാന്‍ ഇഷ്ടമായിരുന്നു. എവിടെയെങ്കിലും കുറച്ച് കൃഷിസ്ഥലം വാങ്ങിക്കണമെന്ന് എപ്പോഴും പറയും. അങ്ങനെയാണ് ഞാനും അവനും കമ്പത്തേക്ക് പോയത്. അവിടെ കുറച്ച് സ്ഥലം വാങ്ങിച്ചു.
കുട്ടികള്‍ വലിയൊരു വീക്ക്നസ്സാണ് രതീഷിന്. അതുകൊണ്ടുതന്നെ മിക്കപ്പോഴും വീട്ടിലേക്ക് പോകും. അതോടെ ഞങ്ങള്‍ തമ്മില്‍ കാണുന്നത് അപൂര്‍വ്വമായി. എങ്കിലും തിരുവനന്തപുരത്ത് പോകുമ്പോള്‍ ഞാന്‍ അവന്റെ വീട്ടിലും എറണാകുളത്ത് വരുമ്പോള്‍ അവന് എന്റെ വീട്ടിലുമാണ് താമസിക്കുക.
പിന്നീട് രതീഷ് സ്വന്തമായി 'അയ്യര്‍ ദി ഗ്രേറ്റ്' എന്ന സിനിമ നിര്‍മ്മിച്ചു. ഭദ്രനായിരുന്നു സംവിധായകന്. മമ്മൂട്ടി നായകനും. സിനിമ സാമ്പത്തികമായി വലിയ മെച്ചമുണ്ടാക്കിയില്ലെങ്കിലും ദേശീയതലത്തില്‍വരെ ശ്രദ്ധിക്കപ്പെട്ടു.
ചിത്രത്തിന്റെ ഔട്ട്സൈഡ് റൈറ്റിന് വേണ്ടി പലരും സമീപിച്ചെങ്കിലും രതീഷ് നല്‍കിയില്ല. നല്ല തുക കിട്ടിയ സ്ഥിതിക്ക് കൊടുത്തേക്കാന്‍ പല തവണ പറഞ്ഞതാണ്. കേട്ടില്ല.
സ്വന്തമായി വിതരണം ഏറ്റെടുക്കാനാണ് അവനും ബന്ധുവും തീരുമാനിച്ചത്. പക്ഷേ അത് ഉദ്ദേശിച്ച ഫലം ചെയ്തില്ല. തമിഴ്നാട്ടില്‍ ആ സിനിമ കാണാന്‍ അധികംപേരുണ്ടായില്ല. അതോടെ നഷ്ടമായി. ആ നഷ്ടം നികത്താനാണ് കമ്പത്തെ സ്ഥലം വില്‍ക്കേണ്ടിവന്നത്. അതോടെ സാമ്പത്തികമായി പ്രയാസത്തിലായി.
ഏറെ വര്‍ഷങ്ങള്‍ക്കുശേഷം 'കമ്മീഷണറി'ലൂടെയാണ് തിരിച്ചെത്തിയത്. അതിനുശേഷം വീണ്ടും സിനിമയില്‍ സജീവമായി. നല്ല നല്ല വേഷങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു, രതീഷിന്റെ പെട്ടെന്നുള്ള മരണം. അതെന്നെ വല്ലാതെ ഉലച്ചുകളഞ്ഞു. അതിനു പിന്നാലെ ട്യൂമര്‍ വന്ന് ഭാര്യ ഡയാനയും മരിച്ചു.
അതോടെ കുട്ടികള്‍ ഒറ്റപ്പെട്ടു. ആ ഘട്ടത്തിലാണ് സുരേഷ്ഗോപിയെയും സുരേഷ്കുമാറിനെയും പോലുള്ള ഒരുപാടുപേര് സഹായവുമായി എത്തിയത്. മനസ്സില്‍ നന്മ മാത്രം ആഗ്രഹിക്കുന്ന കലാകാരനായിരുന്നു രതീഷ്. ശത്രുക്കളെപ്പോലും സ്നേഹിക്കാന്‍ അവന് കഴിയാറുണ്ട്.
അതുകൊണ്ടാണ് എല്ലാവരും ആ കുടുംബത്തെ രക്ഷിക്കാനായി മുന്നിട്ടിറങ്ങിയത്. പിന്നീട് രണ്ടുമക്കള്‍ സിനിമയിലേക്ക് വന്നു. ഒരാളുടെ വിവാഹം ഈയടുത്തകാലത്താണ് നടന്നത്.
രതീഷിന്റെ പ്രാര്‍ഥനയെന്നോണം ആ കുടുംബം രക്ഷപ്പെട്ടു. വിട്ടുപോയിട്ട് പതിനഞ്ചുവര്‍ഷമായി. അതുപോലൊരു സുഹൃത്തിനെ പിന്നീടെനിക്ക് കണ്ടെത്താന്‍പോലും ക
ഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.
തയ്യാറാക്കിയത്:
രമേഷ് പുതിയമഠം






