
ഇസ്ലാമാബാദ്: വീസയ്ക്ക് അപേക്ഷിക്കാനായി ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ചെന്നപ്പോള്‍ ഭാര്യയെ കാണാതെയായെന്നു പാക് നവവരന്റെ പരാതി. ഇന്ത്യക്കാരിയായ ഭാര്യ ഉസ്മയെ കാണാതായതെന്ന് ഭര്‍ത്താവ് താഹിര്‍ അലി പറഞ്ഞു. സംഭവം ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു. മെയ് മൂന്നിനായിരുന്നു ഇരുവരുടെയും വിവാഹം.
എട്ടു മാസം മുമ്പ് മലേഷ്യയില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് പ്രണയത്തിലായ ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മെയ് ഒന്നാം തീയതി വാഗ അതിര്‍ത്തിയില്‍ക്കൂടി ഉസ്മ പാക്കിസ്താസില് എത്തി. ഇതിന് ശേഷം ഇരുവരും വിവാഹം കഴിക്കുകയും തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യന്‍ വീസയ്ക്കായി അപേക്ഷ പൂരിപ്പിച്ച് നല്‍കുന്നതിനായി ഹൈക്കമ്മീഷനില്‍ എത്തുകയും ചെയ്തിരുന്നു.
വിവാഹത്തിന് ശേഷം ഉസ്മ ന്യൂഡല്‍ഹിയിലുള്ള സഹോദരനുമായി ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു. മധുവിധുവിനായി ഇരുവരും ഇന്ത്യയില്‍ എത്തണമെന്നും ഇതിനാവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുന്നതിനായി ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ അഡ്നാന് എന്നൊരാളെ സഹോദരന് ഏര്‍പ്പെടുത്തുകയും ചെയ്തു.
അടുത്ത ദിവസം ഹൈക്കമ്മീഷനില്‍ എത്തിയ ഇരുവരുടെയും അടുത്ത് അഡ്നാന് എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ എത്തുകയും സുരക്ഷയുടെ ഭാഗമെന്ന് പറഞ്ഞുകൊണ്ട് ഇരുവരുടെയും ഫോണുകള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ വാങ്ങുകയും ചെയ്തു. വീസയ്ക്കായുള്ള അപേക്ഷ നലകിയ ശേഷം ഉസ്മയെ മാത്രം ഉള്ളിലേക്ക് വിളിപ്പിക്കുകയും താഹിറിനെ പുറത്തിരുത്തുകയും ചെയ്തു. ഏറെനേരം കാത്തിരുന്നിട്ടും ഉസ്മ തിരിച്ചെത്തിയില്ല. ജോലിയ്ക്കുശേഷം തിരിച്ചിറങ്ങിയ ഉദ്യോഗസ്ഥരോട് ഉസ്മയെക്കുറിച്ച് തിരക്കിയെങ്കിലും അകത്ത് ആരും ഇല്ലെന്നായിരുന്നു മറുപടി. സുരക്ഷയുടെ പേരില്‍ വാങ്ങിയ ഫോണുകള്‍ തിരകെ ചോദിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും താഹിര്‍ പറഞ്ഞു.
പരാതി സത്യമെന്നാണ് പാക്കിസ്താന്റെ നിലപാട്. താഹിറിന്റെ പരാതിയെ തുടര്‍ന്ന് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതിന് സാധിച്ചില്ലെന്നാണ് സെക്രട്ടറിയേറ്റ് പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പറഞ്ഞു.വിഷയം നയതന്ത്രതലത്തില്‍ ഉന്നയിച്ചിട്ടുണ്ടെന്നും പരാതിയില്‍ ഇടപെട്ടിട്ടുണ്ടെന്നും എത്രയും പെട്ടെന്നു തന്നെ വിഷയത്തില്‍ പരിഹാരം കാണുമെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.






