
തിരുവനന്തപുരം: നീറമണ്‍കര എന്‍.എസ്.എസ്. കോളജിനു സമീപത്ത് ഒ.രാജഗോപാല്‍ എം.എല്‍.എയുടെ ഓഫീസിനു നേരേ ആക്രമണം. ഓഫീസിന്റെ ജനാലച്ചില്ലുകളും മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും അടിച്ചുതകര്‍ത്തു. ബി.ജെ.പി. നിയോജക മണ്ഡലം കമ്മിറ്റി ഓഫീസും ഇവിടെയാണു പ്രവര്‍ത്തിക്കുന്നത്.
ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മതില് ചാടിക്കടന്ന ചിലരാണ് അക്രമം നടത്തിയതെന്നും അതിനു പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്നും ബി.ജെ.പി. ആരോപിച്ചു. ഏതാനും ദിവസങ്ങളായി ഈ മേഖലയില്‍ സി.പി.എം-ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുകയാണ്. ബി.ജെ.പിയുടെ ഫഌക്സ് ബോര്‍ഡുകളും മറ്റും സി.പി.എം. പ്രവര്‍ത്തകര്‍ നശിപ്പിക്കുന്നതു പതിവാണെന്നു ബി.ജെ.പി. പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം, ഓഫീസ് കെട്ടിടത്തിന്റെ മുകള്‍നിലയില്‍ താമസിക്കുന്ന അനികുമാറും മറ്റൊരാളുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. ഈ വിഷയത്തില്‍ നേരതേ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
സംഭവത്തിനു പിന്നില്‍ സി.പി.എം. പ്രവര്‍ത്തകരാണെന്നു സംശയിക്കുന്നതായി ഒ. രാജഗോപാല്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ സി.പി.എം. കണ്ണൂര്‍ ലോബിയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. മുന്‍ എം.എല്‍.എ: വി. ശിവന്‍കുട്ടിയാണ് ഗൂഢാലോചനയ്ക്കു പിന്നിലെന്നു കുറ്റപ്പെടുത്തിയ കുമ്മനം മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സി.പി.എമ്മിന്റെ കണ്ണൂര്‍ ലോബിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജനും തിരുവനന്തപുരം ജില്ലാസെക്രട്ടറി വി. ശിവന്‍കുട്ടിയും ആസൂത്രണം ചെയ്താണ് തിരുവനന്തപുരത്ത് അക്രമങ്ങള്‍ നടത്തുന്നത്. ബി.ജെ.പിയുടെ സംസ്ഥാന ഓഫീസിന് നേരെ ബോംബേറ് നടത്തിയ പ്രതികളുടെ ദൃശ്യങ്ങള്‍ കൃത്യമായി സി.സി.ടി.വിയില്‍ ലഭ്യമായിരുന്നു.
പ്രതികളെ രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടുമെന്ന് ഡി.ജി.പി തങ്ങളോട് ഉറപ്പ് പറഞ്ഞിരുന്നതാണ്. എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയായി പാപ്പനംകോട് പ്രദേശത്ത് ആസൂത്രിത അക്രമങ്ങളാണ് അരങ്ങേറുന്നത്. അക്രമത്തിലൂടെ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണ് തുറന്ന് കാട്ടുന്നത്. അക്രമം നടത്തുന്നവരെ വരുതിക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണം. അക്രസംഭവങ്ങള്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി തയ്യാറാവണമെന്നും കുമ്മനം ആലപ്പുഴയില്‍ ആവശ്യപ്പെട്ടു.






