
റിയാദ് ; സൗദി അറേബ്യയിൽ ഒപ്റ്റിക്കൽ ഫൈബർ സാങ്കേതിക വിദ്യയുപയോഗിച്ച് അതിവേഗ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സർവീസ് നടപ്പാക്കുന്ന യത്നത്തിന് കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (സി.ഐ.ടി.സി) തുടക്കം കുറിച്ചു. സൗദി ടെലികോം കമ്പനി (എസ്.ടി.സി) പ്രസിഡന്റ് ഡോ. ഖാലിദ് ബയാരിയും സി.ഐ.ടി.സി ഗവർണർ ഡോ. അബ്ദുൽ അസീസ് അൽറുവൈസും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടു. സൗദി ടെലി കമ്മ്യൂണിക്കേഷൻ മന്ത്രി എൻജി. അബ്ദുല്ല അൽസവാഹ, സൗദി ടെലികോം ഡയരക്ടർ ബോർഡ് പ്രസിഡന്റ് ഡോ. അബ്ദുല്ല അൽഖാദിർ എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടുപേരും കരാറിൽ ഒപ്പുവെച്ചത്.
അതിവേഗ ഇന്റർനെറ്റ് സംവിധാനം രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലായി 20 ദശലക്ഷം വീടുകളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് കമ്മീഷൻ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി എൻജി. അബ്ദുല്ല അൽസവാഹ പറഞ്ഞു . ഇതിൽ ജനസാന്ദ്രതയേറിയ നഗരപ്രദേശങ്ങളിലെ 405,000 വീടുകളും വികസനം എത്തിക്കൊണ്ടിരിക്കുന്ന മേഖലയിലെ 1.7 ദശലക്ഷം വീടുകളും അതിവേഗ ഇന്റർനെറ്റ് പ്രാപ്യമാക്കാനാണ് പദ്ധതി. നിലവിൽ നഗരപ്രദേശങ്ങളിലെ 44 ശതമാനം വീടുകളിലും ഗ്രാമീണ മേഖലയിലെ 12 ശതമാനം വീടുകളിലും ബ്രോഡ്ബാന്റ് സേവനം ലഭ്യമാണ്. 2020ൽ ഇത് യഥാക്രമം 80 ഉം 55 ഉം ശതമാനമാക്കി ഉയർത്തുമെന്ന് മന്ത്രി വ്യക്തമാക്കി.
ഒപ്റ്റിക്കൽ ഫൈബർ സാങ്കേതിക വിദ്യ വഴി ഏറ്റവും ചുരുങ്ങിയത് 100 മെഗാബൈറ്റ്/ സെക്കന്റ് വേഗതയിൽ ബ്രൗസ് ചെയ്യാൻ സാധിക്കും. എണ്ണയുഗത്തിന് ശേഷം ദേശീയ വരുമാന സ്രോതസ്സ് വൈവിധ്യവൽക്കരിക്കുന്നതിനായി ആവിഷ്കരിച്ച സമഗ്ര സാമ്പത്തിക പരിഷ്കരണ പദ്ധതി 'വിഷൻ 2030'ന്റെ ഭാഗമായ 'ദേശീയ പരിവർത്തന പദ്ധതി 2020' സാധ്യമാക്കുന്നതിനാണ് സുപ്രധാനമായ ഈ കരാർ നടപ്പാക്കുന്നതെന്നും ടെലി കമ്മ്യൂണിക്കേഷൻ മന്ത്രി വിശദമാക്കി.
ചെറിയാന് കിടങ്ങന്നൂർ






