
ബെംഗളൂരു: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് ലിവ്-ഇൻ ബന്ധത്തിൽ കഴിഞ്ഞിരുന്ന യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 27-കാരൻ അറസ്റ്റിൽ. ഹാസൻ ജില്ലയിലെ സകലേഷ്പൂർ സ്വദേശിനിയായ 20-കാരി അനുഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പങ്കാളിയും വാട്ടർ ടാങ്കർ ഡ്രൈവറുമായ ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മല്ലേശ്വരത്തുള്ള വാടകവീട്ടിൽ കഴിഞ്ഞ ആറുമാസമായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ ശനിയാഴ്ച രാത്രി വ്യക്തിപരമായ വിഷയങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായും, തുടർന്ന് പ്രകോപിതനായ ശരത് അനുഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് പിന്നാലെ ശരത് തിങ്കളാഴ്ച തന്റെ അഭിഭാഷകനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഭിഭാഷകൻ പൊലീസിനെ വിവരം ധരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ശേഷാദ്രിപുരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്ത പൊലീസ് വിശദമായ ചോദ്യംചെയ്യൽ തുടരുകയാണ്. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം അനുഷയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.






