
ലേ: പപ്പുവ ന്യൂഗനിയയില്‍ ജയില്‍ ചാടാന്‍ ശ്രമിച്ച് 17 തടവുകാരെ സുരക്ഷാഗാര്‍ഡ് വെടിവച്ചുകൊന്നു. ലേ നഗരത്തിലെ ബ്യുമിയോ ജയിലില്‍ നിന്നാണ് തടവുകാര്‍ ചാടാന്‍ ശ്രമിച്ചത്. ഗാര്‍ഡിനെ വെട്ടിച്ച് 57 തടവുകാര്‍ രക്ഷപ്പെട്ടതായും മൂന്നു പേരെ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്.
വിചാരണ തടവുകാരാണ് രക്ഷപ്പെട്ടവരില്‍ ഏറെയും. ശിക്ഷ ലഭിച്ചവരുമുണ്ട്. കൊടുംകുറ്റവാളികളാണ് ഇവരെന്നും പോലീസ് ചീഫ് സൂപ്രണ്ട് അന്തോണി വാഗംബീ അറിയിച്ചു. സായുധ കൊള്ളക്കാരും കാര്‍ മോഷ്ടാക്കളും കവര്‍ച്ചക്കാരുമാണ് ഇവരില്‍ ചിലര്‍. കഴിഞ്ഞ വര്‍ഷം അറസ്റ്റിലായതാണ് ഇവരില്‍ ഭൂരിപക്ഷവും. ഇവര്‍ കീഴടങ്ങണമെന്നും വാഗംബി പറഞ്ഞു.
പരിധിയില്‍ കുടുതല്‍ തടവുകാരെ കുത്തിനിറക്കുന്നതും മോശം സാഹചര്യവും പ്രതികളെ വര്‍ഷങ്ങളോളം വിചാരണ തടവുകാരായി ഇടുന്നതും പപ്പുവ ന്യൂഗനിയയിലെ ജയിലുകളില്‍ സാധാരണമാണ്. 2016 ഇവിടെ ഒരു ജയിലില്‍ നിന്ന് 70 തടവുകാര്‍ രക്ഷപ്പെട്ടിരുന്നു. ഗാര്‍ഡിന്റെ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു മുന്‍ വര്‍ഷത്തില്‍ 50 ഓളം പേര്‍ തടവുചാടിയിരുന്നു.






