
കലാലയജീവിതത്തിലെ ഓര്‍മ്മകള്‍ ആര്‍ക്കാണ് മറക്കാനാകുക? പഠിക്കാനായാലും പഠിപ്പിക്കാനായാലും വീണ്ടും ഒരിക്കല്‍ കൂടി കാമ്പസിലേക്കുള്ള തിരിച്ചുപോക്ക് മോഹിക്കാത്തവര് വിരളമാണ് താനും. എന്തായാലും മമ്മൂട്ടിയും മോഹന്‍ലാലും ക്യാമ്പസിലേക്ക് തിരിച്ചു പോകുകയാണ്. അതും അധ്യാപകരായി. ഒരേ സമയം ഇരുവരും കോളേജ് അധ്യാപകരായുള്ള സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ബോക്സോഫീസില്‍ ഒരുമിച്ചാണ് വരുന്നതെങ്കില്‍ ഏത് അദ്ധ്യാപകനാണ് നല്ലതെന്ന് പ്രേക്ഷകര്‍ക്ക് തീരുമാനിക്കാന്‍ അവസരം കിട്ടും.
മലയാളത്തിലെ അനേകം സൂപ്പര്‍ഹിറ്റുകളുടെ അമരക്കാരന് ലാല്‍ജോസ് മോഹന്‍ലാലിനെ തിരിച്ച് ക്യാമ്പസില്‍ എത്തിക്കുമ്പോള്‍ നവാഗത സംവിധായകരുടെ നിരയില്‍ നിന്നുള്ള അജയ് വാസുദേവന്‍ തന്റെ രണ്ടാമത്തെ ചിത്രത്തിലാണ് മമ്മൂട്ടിയെ കോളേജ് പ്രൊഫസറാക്കുന്നത്. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലേക്കാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തില്‍ മൈക്കള്‍ ഇടിക്കുള കോളേജ് പ്രിന്‍സിപ്പലും പ്രൊഫസറുമൊക്കെയാണ്. ബെന്നി പി നായരമ്പലം എഴുതുന്ന സിനിമ നിര്‍മ്മിക്കുന്നത് ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ്. സിനിമയില്‍ മോഹന്‍ലാലിന് കൂട്ടായി അങ്കമായി ഡയറീസിലെ നായിക രേഷ്മ, പ്രിയങ്ക എന്നിവരും അനൂപ് മേനോനും സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍ അങ്കമായി ഡയറീസിലെ വില്ലന്‍ ശരത്കുമാര് ആനന്ദം ഫെയിം അരുണ്‍കുമാറും ഒപ്പമുണ്ട്.
മമ്മൂട്ടി ഏറെ സ്റ്റൈലിഷായി പ്രത്യക്ഷപ്പെടുന്ന എഡ്വേര്‍ഡ് ലിവിംഗ് സ്റ്റണ്‍ എന്ന പ്രൊഫസറെ നല്‍കുന്നത് പുലിമുരുകന് എഴൂതിയ ഉദയ്കൃഷ്ണയാണ്്. അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി രാജാധിരാജ ഒരുക്കിയ ശേഷം ചെയ്യുന്ന സിനിമയുമാണ്. ഒരേ കോളേജില്‍ തന്നെ പഠിക്കുകയും പിന്നീട് പഠിപ്പിക്കാന്‍ എത്തുകയും ചെയ്യുന്ന എഡ്വേര്‍ഡ് എന്ന എഡ്ഡി നേരിടുന്ന പ്രതിസന്ധികളാണ് ചിത്രം പറയുന്നത്. മുന്‍ പ്രവാസി സിഎച്ച് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ്, സുരേഷ്ഗോപിയുടെ മകന് ഗോകുല്‍, മമ്മൂട്ടിയുടെ അനുജന്റെ മകന് മഖ്ബൂല്‍ സല്മാന്, പാഷാണം ഷാജി, കലാഭവന്‍ ഷാജോണ്‍ എന്നിവരെല്ലാമുണ്ട്. പൂനം ബജ്വ കോളേജ് പ്രൊഫസറായും ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മി ഐപിഎസ് ഉദ്യോഗസ്ഥയായും എത്തുന്നുണ്ട്.






