
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നായകനാവുന്ന 'ജനനായകൻ' സിനിമ റിലീസാവും മുമ്പ് ഓൺലൈനിൽ കണ്ടത് 1.2 കോടി ജനങ്ങൾ. 'ജനനായകൻ' ചോർച്ചക്കേസിൽ പ്രോസിക്യൂഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. സെൻസർ ബോർഡുമായുള്ള തർക്കത്തെ തുടർന്നാണ് ചിത്രത്തിന്റെ റിലീസ് വൈകുന്നത്
ഒഫീഷ്യൽ റിലീസിന് മുൻപും, സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അനുമതി ലഭിക്കുന്നതിന് മുൻപും 'ജനനായകൻ' എന്ന ചിത്രം ഓൺലൈനിൽ 1.2 കോടിയോളം ആളുകൾ കണ്ടതായി പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതിനെത്തുടർന്ന് കേസിലെ 21 പ്രതികളിൽ രണ്ടുപേർക്ക് ജാമ്യം നൽകാൻ മദ്രാസ് ഹൈക്കോടതി വ്യാഴാഴ്ച വിസമ്മതിച്ചു. നാലാം പ്രതിയെ ഏപ്രിലിലും, പതിനൊന്നാം പ്രതിയെ കഴിഞ്ഞ മാസവുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ തുടർന്നും കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രൊസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസിലെ നാലാം പ്രതി എസ്. രജനി, പതിനൊന്നാം പ്രതി ജയപ്രകാശ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് സി. കുമാരപ്പൻ തള്ളിയത്. ഫ്രീലാൻസ് ഫിലിം എഡിറ്ററും കേസിലെ മുഖ്യപ്രതിയുമായ നാലാം പ്രതിയുടെ സഹോദരൻ, എഡിറ്റിംഗ് സ്റ്റുഡിയോയിലെ ഹാർഡ് ഡിസ്കിൽ നിന്ന് സിനിമയുടെ ദൃശ്യങ്ങൾ മോഷ്ടിച്ചതായും, പിന്നീട് ചിത്രം പൂർണ്ണമായി ഗൂഗിൾ ഡ്രൈവിൽ അപ്ലോഡ് ചെയ്തതായും ഉള്ള ഗുരുതരമായ കണ്ടെത്തലുകൾ കണക്കിലെടുത്താണ് കോടതി തീരുമാനം.
ചിത്രത്തിന്റെ അനധികൃത പ്രദർശനം തടയുന്നതിനായി നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഹൈക്കോടതിയിൽ സിവിൽ സ്യൂട്ട് ഫയൽ ചെയ്യുകയും, ഇടക്കാല സ്റ്റേ ഉത്തരവ് വാങ്ങുകയും ചെയ്തിരുന്നു. കേസിലെ രണ്ട് പ്രതികൾ ഒളിവിലാണെന്നും, ഈ കുറ്റകൃത്യത്തിന് പിന്നിൽ നടന്ന സാമ്പത്തിക ഇടപാടുകൾ പുറത്തുകൊണ്ടുവരാൻ ഇവരെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.






