
മകള്‍ ആലിയ ഭട്ടിന്റെ പുതിയ ചിത്രമായ 'ആല്‍ഫ' തിയേറ്ററുകളില്‍ എത്തുന്നതിന് മുന്നോടിയായി തന്റെ കുടുംബത്തിലെ യഥാര്‍ഥ ആല്‍ഫ സ്ത്രീയെ പരിചയപ്പെടുത്തി നടി സോണി റസ്ദാന്. ആറാം വയസ്സില്‍ നാസി ജര്‍മ്മനിയില്‍ നിന്ന് രക്ഷപ്പെട്ട തന്റെ 97 വയസ്സുള്ള അമ്മ ഗെര്‍ട്രൂഡ് ഹോല്സറുടെ (ആലിയയുടെ നാനി) അതിജീവനത്തിന്റെ കഥയാണ് സോണി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
അമ്മ, സോണി റസ്ദാൻ, മക്കളായ ആലിയ ഭട്ട്, ഷഹീന് ഭട്ട്, കൊച്ചുമകള്‍ റാഹ എന്നിവരുള്‍പ്പെടുന്ന നാല് തലമുറയിലെ സ്ത്രീകളുടെ അപൂര്‍വ്വമായ ഒരു ചിത്രവും ഇതോടൊപ്പം അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഒരു ഒറിജിനല്‍ ആല്‍ഫ വനിതയും ഒരു ഫ്രെയിമില്‍ നാല് തലമുറകളും' എന്ന അടിക്കുറിപ്പോടെയാണ് സോണി ചിത്രം പങ്കുവെച്ചത്. ഹിറ്റ്ലറുടെ ഭരണകാലത്ത് നാസി ജര്‍മ്മനിയില്‍ നിന്ന് തന്റെ അമ്മയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും സോണി കുറിപ്പില്‍ പറയുന്നുണ്ട്.
‘ഒരു ഒറിജിനല്‍ ആല്‍ഫ വനിതയും ഒരു ഫ്രെയിമില്‍ നാല് തലമുറകളും. 97 വയസ്സ് പ്രായമുള്ള ആലിയയുടെ നാനി. ഇന്ന് അവരുടെ ജന്മദിനമല്ല, പക്ഷേ കൊച്ചുമകളുടെ സിനിമ റിലീസ് ചെയ്യുന്നതിന്റെ തലേദിവസം അവള്‍ക്ക് ഈ രീതിയില്‍ ആശംസകള്‍ നേരാന്‍ ഞാന്‍ ആഗ്രഹിച്ചു.
എന്റെ അമ്മയ്ക്ക് വെറും 6 വയസ്സുള്ളപ്പോഴാണ് നാസി ജര്‍മ്മനിയില്‍ നിന്ന് രക്ഷപ്പെട്ടത്. അവര്‍ ജര്‍മ്മന്‍കാരായിരുന്നു, യഹൂദരായിരുന്നില്ല. എങ്കിലും അവര്‍ക്ക് ഓടിപ്പോകേണ്ടിവന്നു, കാരണം എന്റെ മുത്തശ്ശന് ധീരനായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹം ഹിറ്റ്ലര്‍ക്കെതിരെ പരസ്യമായി രംഗത്തിറങ്ങി.
ചെക്കോസ്ലോവാക്യയില്‍ ഏതാനും വര്‍ഷങ്ങള്‍ പലവിധ കഷ്ടപ്പാടുകള്‍ അനുഭവിച്ച ശേഷം, അവരും കുടുംബവും യഹൂദ കിന്‍ഡര്‍ ട്രാന്‍സ്പോര്‍ട്ട് ട്രെയിനില്‍ രക്ഷപ്പെട്ട് യുകെയില്‍ എത്തിച്ചേര്‍ന്നു. അവര്‍ നേരിട്ട പരീക്ഷണങ്ങള്‍ നിരവധിയായിരുന്നു.
പിന്നീട് അവര്‍ എന്‍.എന്‍ റസ്ദാനെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. ഒടുവില്‍ ഇന്ത്യയില്‍ ഒരു പുതിയ ജീവിതം ആരംഭിച്ചു. ആല്‍ഫ സ്ത്രീകള്‍ പല രീതികളില്‍ നിലനില്‍ക്കുന്നുണ്ട്. അവര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ അന്തിമമായി നമ്മുടെ എല്ലാ അമ്മമാരും മുത്തശ്ശിമാരുമാണ് ആല്‍ഫ സ്ത്രീകളെന്ന് ഞാന്‍ കരുതുന്നു," സോണി റസ്ദാന് കുറിച്ചു.
പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് മഹേഷ് ഭട്ടാണ് സോണി റസ്ദാന്റെ ഭര്‍ത്താവ്. ആലിയ ഭട്ട്, ഷഹീന് ഭട്ട് എന്നിവരാണ് ഇവരുടെ മക്കള്‍.
അതേസമയം ആലിയ ഭട്ട് കേന്ദ്രകഥാപാത്രമാകുന്ന വൈ.ആര്.എഫ് സ്പൈ യൂണിവേഴ്സ് ചിത്രം 'ആല്‍ഫ' നാളെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. ശിവ് റവെയ്ല് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശര്‍വാരി, ബോബി ഡിയോള്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.






