
ആദ്യചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുളള അവാര്‍ഡ് കരസ്ഥമാക്കിയ രജിഷാ വിജയന്റെ സ്വകാര്യതകള്‍
അനുരാഗ കരിക്കിന്‍വെള്ളം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ പ്രിയനായിക രജീഷവിജയന്‍. സിനിമയില്‍ എലി എന്ന കഥാപാത്രമായി വന്ന രജീഷ ശരിക്കും അഭിനയത്തില്‍ പുലിയായിരുന്നു.
ആദ്യ സിനിമയില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കി. അതിനുശേഷം ജനപ്രിയനായകന് ദിലീപിനൊപ്പം ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയിലും തകര്‍ത്ത് അഭിനയിച്ച രജീഷയുടെ കൂടുതല്‍ വിശേഷങ്ങളിലേക്ക്....
പുതിയ ചിത്രമായ ജോര്‍ജേട്ടനിലെ കഥാപാത്രം?
ഇതിലെ കഥാപാത്രത്തിന്റെ പേര് മെര്ലിന് എന്നാണ്. ആദ്യ സിനിമയിലെ എലിയില്‍ നിന്ന് വളരെ വ്യത്യസ്ത റെയിഞ്ചില്‍ നില്ക്കുന്ന കഥാപാത്രമാണ്. മെര്ലിന് ശാന്തസ്വരൂപിയായി ദൈവത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നു കുട്ടിയാണ്.
കന്യാസ്ത്രീയാകാന്‍ ആഗ്രഹിച്ച് നടക്കുന്നു. അങ്ങനെയുള്ളപ്പോഴാണ് ജോര്ജേട്ടന് പുറകെ നടക്കുന്നത്. പിന്നെ അതിനെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളാണ് കഥ.
ആദ്യ സിനിമ ആസിഫിനോടൊപ്പവും രണ്ടാമത്തെ ചിത്രം ദിലീപിനോടൊപ്പവും?
രണ്ടുപേരുമായിട്ടുള്ള എക്സ്പീരിയന്‍സ് വളരെ നല്ലതാണ്. മൂന്നാമത്തെ സിനിമ വിനീത്ശ്രീനിവാസനുമായിട്ടാണ്. ഞാന്‍ ശ്രദ്ധിച്ചിടത്തോളം ഇവര്‍ മൂന്നുപേരും ഒട്ടും ജാഡയില്ലാത്തവരാണ്. സിനിമയ്ക്കുവേണ്ടി മാത്രം ജീവിക്കുന്നവര്‍.
അവരോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു.ഞാന്‍ പുതുതായിട്ട് വന്ന ഒരാളാണ്. അവര്‍ക്കെന്നെ വേണമെങ്കില്‍ പുച്ഛിച്ച് തള്ളാം. പക്ഷേ ഒരു ആര്‍ട്ടിസ്റ്റിന് കൊടുക്കുന്ന എല്ലാ റെസ്പെക്റ്റും ഇതുവരെയുള്ള മൂന്ന് സെറ്റിലും ലഭിച്ചിട്ടുണ്ട്.
ദിലീപേട്ടന് സൂപ്പര്‍സ്റ്റാറിന്റെ ഒരു ജാഡയുമില്ലാത്തയാളാണ്. ഞാന്‍ നോക്കുമ്പോള്‍ ഷൂട്ടിംഗ് കാണാന്‍ വന്നവരോട് തമാശകള്‍ പറഞ്ഞ് അവരോടൊപ്പം സെല്‍ഫി എടുക്കുന്നു. ജനപ്രിയനായകന് എന്ന വിശേഷണം കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല. പുള്ളി എപ്പോഴും ജനത്തിന്റെ കൂടെയാണ്.
ആസിഫിന്റെ കൂടെയായിരുന്നു എന്റെ ആദ്യത്തെ സിനിമ. സിനിമയെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്ത എന്നെ വേണമെങ്കില്‍ കളിയാക്കാം. ഇവള് പുതിയ കുട്ടിയെന്ന് പറഞ്ഞ്. പക്ഷേ അങ്ങനെയൊന്നും ചെയ്യാതെ ഓരോ കാര്യങ്ങളും പറഞ്ഞുതന്നു. നല്ല സപ്പോര്‍ട്ടായിരുന്നു.
ആദ്യ സിനിമയില്‍ത്തന്നെ അവാര്‍ഡ് ലഭിച്ചു. പ്രതീക്ഷിച്ചിരുന്നോ?
അവാര്‍ഡ് കിട്ടുമെന്ന് സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിച്ചിരുന്നില്ല. അവാര്‍ഡ് പ്രതീക്ഷിച്ചല്ല അനുരാഗ കരിക്കിന്‍വെള്ളത്തില്‍ അഭിനയിച്ചത്. അവാര്‍ഡ് കാറ്റഗറി മൂവിയായിരുന്നില്ല. പക്കാ കൊമേഴ്ഷ്യല്‍ സിനിമയായിരുന്നു.
എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു തുടക്കം ഉണ്ടാവണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. അതിനായി നല്ല കഥാപാത്രം കിട്ടുന്നതുവരെ വെയ്റ്റ് ചെയ്തു. അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് ഞാന്‍ വിവരം അറിയുന്നത്.
ഒരു ചാനലില്‍ നിന്നാണ് വിളിച്ചറിയിച്ചത്. ആ സമയം ഞാനോര്‍ത്തത് എന്നെ പറ്റിക്കാന്‍ വേണ്ടി ആരെങ്കിലും ചെയ്തതായിരിക്കുമെന്നാണ്. കുറച്ചുകഴിഞ്ഞ് ടി.വി.യില്‍ കണ്ടപ്പോള്‍ ഷോക്കായിപ്പോയി.
2016 മികച്ച ഒരുപാട് സിനിമകള്‍ വന്ന വര്‍ഷമാണ്. അതില്‍ നിന്ന് എനിക്കൊരു അവാര്‍ഡ്, വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അരുനാഗ കരിക്കിന്‍വെള്ളം അവാര്‍ഡിന് അയച്ചിട്ടുണ്ടെന്നുപോലും ഞാനറിഞ്ഞില്ലായിരുന്നു. വിനായകന്ചേട്ടന് അവാര്‍ഡ് കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു.
തുടക്കക്കാരിയുടെ പരിഭവം?
അങ്ങനെ പേടിയുണ്ടായിരുന്നില്ല. ചെറുപ്പത്തിലേ സ്റ്റേജുകളില്‍ കയറിത്തുടങ്ങിയതാണ്. പലപ്പോഴും സെലിബ്രറ്റീസുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല. പിന്നെ നിങ്ങള്‍ക്കുമാവാം കോടീശ്വരന് എന്ന പ്രോഗ്രാമില്‍ പങ്കെടുത്തപ്പോഴാണ് ഞാന്‍ ജീവിതത്തില്‍ ടെന്‍ഷനടിച്ചത്.
എലിയെന്ന ക്യാരക്ടറും രജീഷയുടെ ക്യാരക്ടറും തമ്മില്‍ സാമ്യമുണ്ടോ?
മിനിറ്റിന് മിനിറ്റിന് ഇമോഷന്‍സ് മാറുന്ന ഒരു കുട്ടിയാണ് എലി. പിന്നെ ഫുള്‍ടൈം ഫോണിലിരിക്കുന്ന ആളാണെങ്കിലും ഉള്ളില്‍ നന്മയുള്ള ഒരു പെണ്‍കുട്ടിയാണ് എലി.
നമ്മള് പറയും ദിവ്യപ്രണയം പണ്ടൊക്കെയാണെന്ന്. എന്നാല്‍ എലിയെന്ന പെണ്‍കുട്ടിയുടെ ജീവനും ജീവിതവും അബിയെന്ന കഥാപാത്രമാണ്. അബിയാണവളുടെ ലോകം.
അത്രയ്ക്കും ആത്മാര്‍ത്ഥമായിട്ട് സ്നേഹിച്ച കാമുകന് ഉപേക്ഷിച്ചു പോയിട്ടും അയാളുടെ ഫാമിലിയെ ഒന്നിപ്പിക്കാന്‍ വേണ്ടി ശ്രമിക്കുന്നു. എല്ലാവരെയും സ്നേഹിക്കുന്ന എല്ലാവരുടെയും നന്മ ആഗ്രഹിക്കുന്ന ഒരു കുട്ടി. സത്യസന്ധതയും കുട്ടിത്തവും, പ്രണയവുമൊക്കെയുള്ള നന്മയുള്ള ഒരു കഥാപാത്രമാണ് എലി.
പക്ഷേ അത്രയ്ക്കും നന്മയൊന്നും എനിക്കില്ല കേട്ടോ.... (ചിരിക്കുന്നു.) പിന്നെ ടീനേജില്‍ കാണിക്കുന്ന ചില കുസൃതികളെല്ലാം നമ്മളെല്ലാവരും ഫെയ്സ് ചെയ്തിട്ടുള്ള കാര്യമാണ്. ആ ഒരു കുട്ടിത്തവും പൊട്ടത്തരവും എല്ലാവരെയും പോലെ ഞാനും വീട്ടിലും കൂട്ടുകാര്‍ക്കിടയിലും കാണിച്ചിട്ടുണ്ട്.
പക്ഷേ ആരും പുറത്തുകാണിക്കുന്നില്ലന്നേയുള്ളൂ...സിനിമയിലെ എലിയെപ്പോലെ ഫുള്‍ടൈം ഫോണില്‍ ചെലവഴിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍. എനിക്ക് ഫോണ്‍ കാണുന്നതുതന്നെ ദേഷ്യമാണ്.
വാട്സാപ്പും, ഫെയ്സ് ബുക്കും ഉപയോഗിക്കാറില്ലെന്ന് കേട്ടു?
സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ല ഞാന്‍. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഫെയിക്കായിട്ടുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കാനും വ്യാജപേരുകാര്ക്ക് വിലസാനുമുള്ള ഇടമാണ് പലപ്പോഴും ഫേസ്ബുക്ക്. നമുക്ക് നേരിട്ട് കാണാതെ ഒരാളെ വിലയിരുത്താന്‍ പറ്റില്ല.
അഭിനയിക്കണമെന്നത് സ്വപ്നമായിരുന്നോ?
ഏതൊരു മലയാളിയെപ്പോലെ ഞാനും ആഗ്രഹിച്ചു. അല്ലാതെ ഒരു സുപ്രഭാതത്തില്‍ സിനിമയിലെത്തിയതാണെന്നും, അവിചാരിതമായി സംഭവിച്ച കാര്യമാണെന്നും ഞാനൊരിക്കലും പറയില്ല.
അത്രയ്ക്കും ആഗ്രഹിച്ച് സ്വപ്നം കണ്ട ഫീല്‍ഡാണിത്. പക്ഷേ ആഗ്രഹം ഇത്രയും പെട്ടെന്ന് സഫലമാകുമെന്ന് പ്രതീക്ഷിച്ചില്ല.
ജോര്‍ജേട്ടന്റെ ലൊക്കേഷന്‍ അനുഭവങ്ങള്‍?
ദിലീപേട്ടനുമായുള്ള കോമ്പിനേഷനില്‍ ഞാന്‍ വീഴുന്ന സീനുണ്ട്. ശരിക്കും വീഴണം. എനിക്ക് വീഴാന്‍ മനസ്സ് വരുന്നില്ല. രജീഷ ഇങ്ങനാ വീഴണ്ടതെന്ന് പറഞ്ഞ് ദിലീപേട്ടന് വീണുകാണിച്ചു.
അദ്ദേഹത്തെപ്പോലെ ഒരു സൂപ്പര്‍സ്റ്റാറിന് എന്നെ വീണുകാണിക്കണ്ട കാര്യമില്ല. മറ്റൊരു നടന്മാരും അങ്ങനെ വീണുകാണിക്കത്തുമില്ല. അദ്ദേഹത്തിന്റെ ആ സ്നേഹവും സപ്പോര്‍ട്ടും പറയാതെ വയ്യ.
മുടിയുടെ രഹസ്യം?
ജനറ്റിക്കാണ്. അമ്മയ്ക്കും അമ്മമ്മയ്ക്കും നല്ലതുപോലെ മുടിയുണ്ട്. ഇതുവരെ മുടിക്കുവേണ്ടി ഒരു ട്രീറ്റ്മെന്റും ചെയ്തിട്ടില്ല. പിന്നെ ഇപ്പോള്‍ സിനിമയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോള്‍ സങ്കടമാണ്.
പുറത്തുപോകുമ്പോള്‍ എണ്ണ തേയ്ക്കാറില്ല. എണ്ണ തേച്ചാല്‍ പൊടി പെട്ടെന്ന് പിടിക്കും. ദിവസവും ഷാമ്പു ഉപയോഗിക്കാറുണ്ട്. വീട്ടിലിരിക്കുന്ന സമയത്ത് എണ്ണതേച്ച് രണ്ടുമണിക്കൂര്‍ ഇരിക്കും. അതിനുശേഷം ഷാമ്പു ചെയ്യും. അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല.
പ്രണയം, വിവാഹം?
അയ്യോ... ഇപ്പോഴേ പിടിച്ച് കെട്ടിച്ചുവിടല്ലേ... ഞാന്‍ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ. അതുകൊണ്ട് അടുത്തകാലത്തൊന്നും അത് സംഭവിക്കില്ല. ഇപ്പോള്‍ സിനിമയില്‍ത്തന്നെ തുടരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
- അഞ്ജുരവി