
തിരുവനന്തപുരം: തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് വൃദ്ധ മരണമടഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് അതേ സ്ഥലത്ത് തന്നെ യുവാവിനും നായയുടെ കടിയേറ്റ് ദാരുണാന്ത്യം. പുല്ലുവിളയില്‍ ഇന്നലെ രാത്രിയുണ്ടായ സംഭവത്തില്‍ മത്സ്യബന്ധന തൊഴിലാളിയായ ജോസ് ക്ളീന്‍ (45) ആണ് മരിച്ചത്. കടല്‍ത്തീരത്ത് വെച്ച് നായയുടെ കടിയേറ്റ് ആശുപത്രിയിലായ ഇയാള്‍ ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നായ്ക്കൂട്ടം കടിച്ചുകീറി കൊന്ന ഷീലുവമ്മയുടെ അയല്‍വാസിയാണ് ജോസ് ക്ളീന്‍.
നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായി കിടന്ന ജോസ് ക്ളീനെ അയല്‍ക്കാരും കൂടെ ജോലി ചെയ്യുന്നവരുമായ ആള്ക്കാര് കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ കീഴ്ത്താടി നായ കടിച്ചെടുത്തിരുന്നു. കൈകളിലും കാലുകളിലും നിറയെ കടിയേറ്റ പാടുകളാണ്. സമീപ വാസികള്‍ കണ്ടെത്തുമ്പോള്‍ തന്നെ ഗുരുതരമായ നിലയിലായിരുന്നു. ജോലി കഴിഞ്ഞെത്തി രാത്രി ഭക്ഷണവും കഴിച്ച് തോണിയിലേക്ക് ഉറങ്ങാന്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്. തുടര്‍ച്ചയായി തെരുവ്നായ പ്രശ്നം ഉണ്ടാകുന്ന സാഹചര്യത്തില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
തെരുവ് നായ പ്രശ്നം അതിരൂക്ഷമായി തുടരുന്ന ഇവിടെ കഴിഞ്ഞ വര്‍ഷം മരിച്ച ഷീലുവമ്മയുടെ വീടിന് തൊട്ടടുത്താണ് ജോസ് ക്ളീനും താമസിക്കുന്നത്. ഇവരുടെ ബന്ധുക്കളുടെ കൂടെയാണ് ജോസ്ക്ളീന് ജോലി ചെയ്യുന്നതും. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇതേ സ്ഥലത്ത് ഷീലുവമ്മ മരണമടഞ്ഞത്. ഇതിനകം അനേകരാണ് ഇവിടെ തെരുവ് നായ്ക്കളുടെ ശല്യത്തില്‍ കുടുങ്ങിയത്. അതിന് പിന്നാലെ തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് അനവധി പ്രഖ്യാപനം ഉണ്ടായെങ്കിലും അവയൊന്നും പാലിക്കപ്പെടാതിരുന്നതാണ് വീണ്ടും സമാന രീതിയിലുള്ള ആക്രമണം ഉണ്ടാകാന്‍ കാരണമായതെന്നാണ് ആരോപണം.






