
ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ക്കല്‍ കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, വിനയ് കത്യാര്‍ തുടങ്ങിയവരോട് ഹാജരാകാന്‍ സി.ബി.ഐ പ്രത്യേക കോടതിയുടെ നിര്‍ദേശം. വെള്ളിയാഴ്ച ഇവരോട് ഹാജരാകാനാണ് നിര്‍ദേശം. ഇവര്‍ക്കെതിരായ കുറ്റം കോടതി നാളെ ചുമത്തിയേക്കും.
അതേസമയം, കേസില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷ ഇവര്‍ നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ഏപ്രില്‍ 19നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കേസ് റായ്ബറേലി കോടതിയില്‍ നിന്ന് ലക്നൗവിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
കേസില്‍ വിചാരണ നടപടികള്‍ ഒരു മാസത്തിനകം ആരംഭിക്കണമെന്നും രണ്ടു വര്‍ഷത്തിനകം വിധി പറയണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇത് കണക്കിലെടുത്ത് മേയ് 20നാണ് പ്രത്യേക സി.ബി.ഐ കോടതി വിചാരണ നടപടികള്‍ ആരംഭിച്ചത്.
1992 ഡിസംബര്‍ ആറിന് ബാബ്റി മസ്ജിദ് തര്‍ക്കപ്പെട്ടത്. സംഭവം ഭരണഘടനയുടെ മതേതര ചട്ടക്കൂട് തച്ചുടയ്ക്കുന്ന കുറ്റകൃത്യമാണെന്ന് വിലയിരുത്തിയ മേല്‍ക്കോടതി, കേസില്‍ ആരോപണ വിധേയരായ ഉന്നതര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.






