
തിരുവനന്തപുരം: കടുത്ത എതിര്പ്പുകള്ക്കും പ്രതിഷേധങ്ങള്ക്കും ഇടയില് തങ്ങളുടെ യഥാര്ത്ഥ മദ്യനയം പ്രഖ്യാപിച്ചുകൊണ്ട് പൂട്ടിക്കിടന്ന ബാറുകള് ഇടതു സര്ക്കാര് തുറക്കുന്നു. നിയമതടസ്സമില്ലാത്ത ത്രീ, ഫോര് സ്റ്റാര് ബാറുകള് തുറക്കാനും പരമ്പരാഗത വ്യവസായത്തില് പെടുന്ന കള്ളും കള്ളുല്പ്പന്നങ്ങളും ലഭ്യമാക്കാനുമാണ് തീരുമാനം. മന്ത്രിസഭാ യോഗത്തിന് തൊട്ടു പിന്നാലെ വാര്ത്താ സമ്മേളനം വിളിച്ച് പുതിയ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചനകള്. കഴിഞ്ഞ സര്ക്കാര് മദ്യനിരോധനം കൊണ്ടുവന്ന് പൂട്ടിയ ബാറുകളാണ് തുറക്കുന്നത്.
മദ്യനയത്തില് ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടായേക്കും. മദ്യനിരോധനമല്ല മദ്യവര്ജ്ജനമാണ് തങ്ങളുടെ നയമെന്ന് നേരത്തേ വ്യക്തമാക്കി ഇടതു സര്ക്കാര് കോടതിവിധികളെ മാനിച്ച് നിയമപരമായി എതിര്പ്പില്ലാത്ത ബാറുകളാകും തുറക്കുക. മദ്യ വില്പ്പനയുമായി ബന്ധപ്പെട്ട് ടൂറിസത്തിനും പരമ്പരാഗത വ്യവസായം എന്ന നിലയില് കള്ളിനും പ്രത്യേക പരിഗണനമാണ് ഉദ്ദേശിക്കുന്നത്. ഈ രംഗത്ത് ഒട്ടേറെ തൊഴിലാളികള്ക്ക് തൊഴില് നഷ്ടമുണ്ടായെന്ന് യോഗത്തില് വിലയിരുത്തലുകള് ഉണ്ടായി. മദ്യനിരോധനം ടൂറിസത്തില് വലിയ തിരിച്ചടിയുണ്ടായതായി സര്ക്കാര് വിലയിരുത്തി. അതുകൊണ്ട് തന്നെ ഇതിന് പ്രത്യേക പരിഗണനയാണ് നല്കിയത്.
ഫൈവ് സ്റ്റാര് ഹോട്ടലുകളില് കള്ളും ലഭ്യമാക്കും. എല്ലാ നിയമപ്രശ്നങ്ങളും പഠിച്ചായിരിക്കും തീരുമാനമെന്നും നിയമപരമായ എതിര്പ്പുകള് മറികടക്കുന്ന രീതിയില് വേണം തീരുമാനമെന്നും യോഗത്തില് അഭിപ്രായം ഉയര്ന്നു. നിലവില് പല എതിര്പ്പുകള് നേരിടുന്ന സാഹചര്യത്തില് അതെല്ലാം പരിഗണിച്ച വലിയൊരു ചര്ച്ചയായിരുന്നു നടന്നത്. അതേസമയം തന്നെ മദ്യവര്ജ്ജനത്തിന് ആവശ്യമായ പ്രചരണം സര്ക്കാര് നടത്തും. തീരുമാനം വരും ദിവസങ്ങളില് പ്രതിപക്ഷത്തിന്റേത് ഉള്പ്പെടെ വന് പ്രതിഷേധത്തിന് കാരണമായേക്കും.







Comments