
സന്തോഷം വന്നാലും സങ്കടം വന്നാലും ബാറു പൂട്ടിയാലും തുറന്നാലുമെല്ലാം മദ്യപാനത്തില്‍ രസം കണ്ടെത്തുന്ന മലയാളികള്‍ക്ക് യൂറോപ്പില്‍ നിന്നും ഒരു ഉത്തമ കൂട്ടുണ്ട് ലിത്വാനിയക്കാര്‍. കൗമാരക്കാര്‍ ഉള്‍പ്പെടെ ജനങ്ങളില്‍ ഒരു നല്ല ശതമാനം പേരും നല്ല പാമ്പായി മാറിയതോടെ മദ്യോപയോഗത്തിന്റെ കാര്യത്തില്‍ കര്‍ശനമായ നിയമം കൊണ്ടുവന്നിരിക്കുകയാണ് ലിത്വാനിയ. മദ്യ നിരോധനത്തിന് പോകാതെ മദ്യം വില്‍ക്കുന്ന സമയത്തില്‍ കുറവ് വരുത്തിയും ഉപയോഗിത്തിന് പ്രായ പരിധി നിര്‍ണ്ണയിച്ചും കടുത്ത നിയന്ത്രണമാണ് പ്രതീക്ഷിക്കുന്നത്.
പുതിയ നിയമം അടുത്ത ജനുവരി 1 മുതല്‍ നിലവില്‍ വരും. ലിത്വാനിയയിലെ കൂട്ടുകക്ഷി സര്‍ക്കാര്‍ ഇതിന്റെ ആദ്യ പടിയെന്നോണം ടെലിവിഷനുകളിലും റേഡിയോയിലും പത്രങ്ങളിലും വരുന്ന മദ്യ പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. അതുപോലെ തന്നെ 18-20 വയസ്സില്‍ താഴെ പ്രായക്കാര്‍ക്ക് മദ്യം വില്‍ക്കുന്നതിന് നിരോധനവും മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തന സമയം രാത്രി എട്ടു മണി വരെ ചുരുക്കുകയും ചെയ്തു. 20 വയസ്സില്‍ താഴെയുള്ളവര്‍ക്ക ബാറില്‍ ജോലി ചെയ്യാം പക്ഷേ മദ്യം കൈകൊണ്ട് തൊടാനാകില്ല. നിയമം കൗമാരക്കാര്‍ക്ക് വന്‍ തിരിച്ചടിയാണ്.
ലോകാരോഗ്യ സംഘടനകളുടെ കണക്കുകള്‍ പ്രകാരം മദ്യപാനികള്‍ക്ക് ശക്തമായ സ്വാധീനമുള്ള രാജ്യമായ ലിത്വാനിയ യൂറോപ്പിലെ ഏറ്റവും വലിയ കുടിയന്മാരുടെ നാടാണ്. 2016 ല്‍ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ലിത്വാനിയയില്‍ ഒരാളുടെ വയറ്റില്‍ ശരാശരി 18.2 ലിറ്റര്‍ ശുദ്ധ ആല്‍ക്കഹോള്‍ വീതം എത്തുന്നുണ്ട്. ദിവസവും രണ്ടു ഗ്ളാസുകളെങ്കിലും കുടിക്കുന്നുണ്ടത്രേ. 30 ദിവസം കൂടുമ്പോഴെങ്കിലൂം തങ്ങള്‍ കുടിക്കാറുണ്ടെന്നാണ് പതിനഞ്ചും പതിനാറും വയസ്സുപ്രായമുള്ളവര് പറയുന്നത്. 2001 നെ അപേക്ഷിച്ച് മദ്യാസക്തി കേസില്‍ ആശുപത്രിയില്‍ എത്തുന്ന കുട്ടികളുടെ എണ്ണം 17 മടങ്ങ് വര്‍ദ്ധിച്ചെന്നും പറയുന്നു. അതേസമയം ലിത്വാനിയ കൊണ്ടുവരുന്ന മദ്യനിയന്ത്രണം യൂറോപ്പില്‍ തന്നെ ഏറ്റവും വലുതാണെന്നാണ് റിപ്പോര്‍ട്ട്.






