
റാവൽകോട്ട്: പാക് അധീന കശ്മീരിൽ (പിഒകെ) പാകിസ്താൻ ഭരണകൂടത്തിനെതിരെ ജനരോഷം ശക്തമാകുന്നു. റാവലകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് നടന്ന വൻ പ്രതിഷേധ പ്രകടനത്തിൽ, ഈ പ്രദേശം ഇനി പാകിസ്താന്റെ നിയന്ത്രണത്തിലാണെന്ന് കരുതാനാകില്ലെന്നും, തങ്ങൾ ഇന്ത്യയുമായി അടുത്ത സഹകരണത്തിന് ശ്രമിക്കുമെന്നും പ്രതിഷേധക്കാർ ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകി.
ചൊവ്വാഴ്ചയോടെ പാക് ഭരണകൂടത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം 22 ദിവസത്തിലേക്ക് കടന്നു. മോശം ഭരണം, കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ, അവഗണന എന്നിവയ്ക്ക് എതിരെയാണ് പതിനായിരക്കണക്കിന് ആളുകൾ തെരുവിൽ ഇറങ്ങിയത്. പ്രതിഷേധ വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ ജൂൺ 5 മുതൽ ഈ മേഖലയിൽ അധികൃതർ ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്.
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ സർദാർ അമൻ ഖാന്റെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പാക് അധികൃതർ ഈ മേഖലയിലേക്കുള്ള ഭക്ഷണസാധനങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വിതരണം തടഞ്ഞതോടെയാണ് സമരം കൂടുതൽ ശക്തമായത്. പാക് അധീന കശ്മീരിന് പാകിസ്താനെക്കാൾ ആവശ്യം പാകിസ്താന് തങ്ങളെയാണെന്ന് അമൻ ഖാൻ റാലിയിൽ വ്യക്തമാക്കി.
അവശ്യവസ്തുക്കളുടെ മേലുള്ള നിയന്ത്രണം പാകിസ്താൻ തുടർന്നാൽ സഹായത്തിനായി മേഖലയിലെ ജനങ്ങൾ ഇന്ത്യയെ സമീപിക്കുമെന്നും, ഇത് ഈ മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ പാടെ മാറ്റുമെന്നും അമൻ ഖാൻ മുന്നറിയിപ്പ് നൽകി. ഭക്ഷണം തടയുകയാണെങ്കിൽ പിഒകെയുടെ അതിർത്തികൾ തുറക്കേണ്ടി വരും. പിന്നീട് ഇവിടെ തുടരാൻ ഇസ്ലാമാബാദിന് ഞങ്ങളോട് യാചിക്കേണ്ടി വരുമെന്നും അമൻ ഖാൻ പറഞ്ഞു.
ജൂൺ 9 മുതൽ നിയന്ത്രണ രേഖയ്ക്ക് സമീപം പ്രത്യേക ധർണ്ണയും നടന്നുവരുന്നുണ്ട്. പ്രതിഷേധത്തിനിടെ പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ തള്ളിക്കളഞ്ഞ ജനങ്ങൾ, തങ്ങൾ ഇനി ഒരു സ്വേച്ഛാധിപതിയെയും വെച്ചുപൊറുപ്പിക്കില്ലെന്നും പ്രഖ്യാപിച്ചു. കശ്മീരിലെ ജനങ്ങൾക്ക് പിന്തുണയുമായി വിവിധ വിദേശ രാജ്യങ്ങളിലെ പാകിസ്താൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിലും പ്രവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടുന്നതുവരെ സമരം തുടരുമെന്നാണ് സമരസമിതി നേതാക്കൾ വ്യക്തമാക്കുന്നത്.






