
ന്യുഡല്‍ഹി: മുസ്ലീം സമുദായത്തിലെ മുത്തലാഖ് പുനഃപരിശോധിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുകയും ബീഫ് ഉപേക്ഷിക്കുകയും ചെയ്ത അജ്മീര്‍ ദര്‍ഗ മേധാവിക്കെതിരെ ഫത്വ. സെയ്ദ് സെയ്നുള്‍ അബെദിനെതിരെയാണ് ജോഥപൂര്‍ ദാരുള്‍ ഉലൂം ഇഷാസിയ മേധാവി ഷേര്‍ മുഹമ്മദ് ഖാന് ഫത്വ പുറപ്പെടുവിച്ചത്. സെയ്ദ് സെയ്നുള്‍ അബെദിന്റെ വാക്കുകള്‍ 'അള്ളാഹൂവിന്റെ വചനങ്ങള്‍ക്ക് വിരുദ്ധമാണെന്ന്' പറഞ്ഞാണ് സാമൂഹിക വിലക്ക് ഏര്‍പ്പെടുത്തിയത്.
ഏപ്രിലില്‍ അജ്മീര്‍ ദര്‍ഗയില്‍ നടന്ന ഉറുസ് ആഘോഷത്തിനിടെയാണ് താനും കുടുംബവും ബീഫ് ഉപേക്ഷിക്കുന്നതായി സെയ്ദ് സെയ്നുള്‍ അബെദിന് വ്യക്തമാക്കിയത്. ഒറ്റയടിക്കുള്ള വിവാഹമോചനത്തെ ശെരിയയോ ഖുറാനോ അനുവദിക്കുന്നില്ലെന്നും അതിനാല്‍ മുത്തലാഖ് ആചാരം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യവ്യാപകമായി ഗോവധ നിരോധനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് ഖുറാനില്‍ പരാമര്‍ശമുണ്ടെന്നും മുത്തലാഖിനെ ന്യായീകരിച്ചുകൊണ്ട് ദാറുള്‍ ഉലും ഇഷാസിയ മേധാവി പറഞ്ഞു. അത് നിഷേധിക്കുന്നത് അള്ളാഹൂവിന്റെ വാക്കുകള്‍ക്ക് വിരുദ്ധമാണ്. ഇത്തരക്കാര്‍ക്ക് സ്വന്തം മതത്തെ കുറിച്ചുള്ള അറിവില്ലായ്മയാണ്. അവര്‍ സമൂഹത്തോട് മാപ്പപേക്ഷിക്കുകയും ഖേദം പ്രകടിപ്പിക്കുകയും വേണമെന്നും ഷേര്‍ മുഹമ്മദ് ഖാന് പറഞ്ഞു.
അതിനിടെ, സെയ്ദ് സെയ്നുള്‍ അബെദിനെ തള്ളിപ്പറഞ്ഞ് സ്വന്തം സഹോദരനും സെയ്ദ് അലവുദ്ദീന്‍ അലിമി രംഗത്തെത്തി. അജ്മീര്‍ ദര്‍ഗയുടെ പുതിയ മേധാവിയായി തന്നെ നിയമിച്ചുവെന്നും അബെദിനെ ഒരു മുസ്ലീമായി കാണാന്‍ കഴിയില്ലെന്നും അലിമി പറഞ്ഞു. തൊട്ടുപിന്നാലെ തന്റെ മകനെ അജ്മീര്‍ ദര്‍ഗയുടെ ആത്മീയ അധ്യക്ഷനായി നിയമിച്ച് അബെദീനും പ്രസ്താവനയിറക്കി.






