
ഗാന്ധിനഗര്‍: വിശ്വഹിന്ദു പരിക്ഷത്തും ബജ്റംഗദളും തിങ്കളാഴ്ച ഗാന്ധിനഗറില്‍ ത്രിശൂല്‍ ദിക്ഷാ പരിപാടിയില്‍ പങ്കെടുത്ത 75 യുവാക്കള്‍ക്ക് ത്രിശൂലം വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം നടക്കുന്ന റോമിയോ വിരുദ്ധ സ്ക്വാഡിന വേണ്ടിയും ലവ് ജിഹാദിനെതിരേ പോരാടാനും ഗോ സംരക്ഷണത്തിനുമാണ് ആയുധം നല്‍കിയത്. കഴിഞ്ഞ രണ്ടു രണ്ടര വര്‍ഷത്തിനിടയില്‍ ഗാന്ധിനഗര്‍ നഗരത്തിലെയും ജില്ലയിലെ 4000 പേര്‍ക്കാണ് ഇതുവരെ ഹിന്ദു സംഘടനകള്‍ ത്രിശൂലം വിതരണം ചെയ്തിരിക്കുന്നത്.
വിഎച്ച്പിയുടെ നീക്കത്തില്‍ കഴിഞ്ഞ അഞ്ചു മാസമായി എല്ലാ മാസവും സംസ്ഥാന തലസ്ഥാനത്ത് ത്രിശൂല്‍ ദിക്ഷാ പരിപാടി സംഘടിപ്പിക്കപ്പെടുന്നുണ്ട്. അവസാന ആറ് പരിപാടികളില്‍ 700 ത്രിശൂലങ്ങളാണ് വിതരണം ചെയ്തത്. ഇത് വീട്ടിലെ ഷോകേസില്‍ വെയ്ക്കാനുള്ളതല്ലെന്നും ഉപയോഗിക്കാന്‍ തന്നെയാണെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി മഹാദേവ് ദേശായി പറഞ്ഞു.
ആയുധവുമായി നടക്കുന്നതിന്റെ ആശങ്ക പങ്കുവെച്ചപ്പോള്‍ തൃശൂലത്തെ ആയുധങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും നിരോധിക്കപ്പെട്ട ആയുധങ്ങളേക്കാള്‍ ഒരു സെന്റീമിറ്റര്‍ വലിപ്പം കുറഞ്ഞതാണെന്നും ദേശായി പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ഗോ സംരക്ഷണയ്ക്ക് വേണ്ടി ഇവ ഉപയോഗിക്കാം.
ത്രിശൂലം ശിവന്റെ ശക്തിയുടേയും ആത്മവിശ്വാസത്തിന്റെയും പ്രതീകമാണ്. ഹിന്ദുത്വം പിന്തുടരുന്ന ശക്തമായ ഒരു ഹിന്ദുയുവതയുടെ യൂണിറ്റ് ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. ഗാന്ധി നഗറിലെ ത്രിശൂല്‍ ദിക്ഷാ പരിപാടി ഇതിന്റെ ഭാഗമാണ്. ഗുജറാത്തില്‍ പശുക്കളെ ഉപദ്രവിക്കുന്ന അനേകം കേസുകള്‍ ഉണ്ടാകുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയുന്നില്ല. എന്നാല്‍ ഇത്തവണ ഹിന്ദു യുവത തന്നെ ഇതിന് മുന്കയ്യെടുക്കുയാണെന്നും പറഞ്ഞു. ഇതിനൊപ്പം ലവ് ജിഹാദിനെയും തടയും.
നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ ആന്റി റോമിയോ സ്ക്വാഡ് വട്ടം കറങ്ങും. അതേസമയം നിയമം എല്ലാവര്ക്കും ഒരു പോലെ ബാധകമാണെന്നും ത്രിശൂലവുമായി യുവാക്കളെ കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഗാന്ധിനഗര്‍ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം 1100 യുവാക്കളെ ലക്ഷ്യമിട്ട് ജൂണ്‍ 20 ന് കൂറ്റന്‍ ത്രിശൂല്‍ ദിക്ഷാ പരിപാടിക്ക് ഒരുങ്ങുകയാണ് വിഎച്ച്പിയും ബജ്രംഗ് ദളും.






