
കൊച്ചി: മെട്രോ ട്രെയിന്‍ ഉദ്ഘാടന വേദിയില്‍ മിന്നിത്തിളങ്ങിയത് മെട്രോമാന് ഇ.ശ്രീധരന്. കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ് ജോര്‍ജ് വിശിഷ്ട വ്യക്തികള്‍ക്ക് സ്വാഗതം ആശംസിച്ചപ്പോഴാണ് കൊച്ചി നഗരത്തിന്റെ സ്നേഹം ശ്രീധരന് ലഭിച്ചത്. ഏറ്റവും ഒടുവിലായായിരുന്നു ശ്രീധരന് സ്വാഗതം ആശംസിച്ചത്. അതോടെ സദസ്സില്‍ നിന്നും മിനിറ്റുകള്‍ നീണ്ട കയ്യടിയാണ് ഉയര്‍ന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമടക്കമുള്ള വിശിഷ്ട വ്യക്തികള്‍ പോലും അമ്പരന്നുപോയ സ്വീകരണമാണ് ശ്രീധരന് ജനങ്ങള്‍ നല്‍കിയത്.
[VIDEO]
രാജ്യത്തെ തന്നെ ഏറ്റവും മികച്ച എന്‍ജിനീയറിംഗ് വിദഗ്ധരില്‍ ഒരാളാണ് ശ്രീധരനെന്ന കാര്യം ഏലിയാസ് ജോര്‍ജ് ചൂണ്ടിക്കാട്ടിയപ്പോള്‍ കരഘോഷം ഉച്ചത്തിലായി. മിനിറ്റുകളോളം സ്വാഗതപ്രസംഗം തുടരാന്‍ പോലും കഴിയാത്ത വിധത്തിലായിരുന്നു കരഘോഷം. ഈ സമയം യാതൊരു ഭാവഭേദവുമില്ലാതെ പതിവ് വിനയത്തില്‍ തന്നെയാണ് ശ്രീധരന് വേദിയില്‍ ഇരുന്നതും.
കൊച്ചി മെട്രോയുടെ ഉദ്ഘാന ചടങ്ങില്‍ വേദിയില്‍ ഇരിക്കാനുള്ള വ്യക്തികളുടെ ആദ്യപട്ടികയില്‍ ശ്രീധരനെ ഒഴിവാക്കിയത് വലിയ വിവാദമാകുകയും സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് ശ്രീധരന് വേദിയില്‍ ഇരിപ്പടം ഒരുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായത്. കൊച്ചിക്കാരുടെ സ്നേഹം പ്രകടമാക്കിയ അവസരമായിരുന്നു ഇന്ന് ഉദ്ഘാടന വേദിയില്‍ കണ്ടത്.






