
ന്യുഡല്‍ഹി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും മക്കളും ഉള്‍പ്പെടെ ആറ് കുടുംബാംഗങ്ങള്‍ക്കെതിരെ ബിനാമി ഇടപാടിന്റെ പേരില്‍ കേസെടുത്തു. ലാലു പ്രസാദ് യാദവിന്റെ മക്കളായ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ഭാര്യ റാബ്റി ദേവി, മകള്‍ മിസ ഭാരതി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ലാലുവും കുടുംബവും ആയിരം കോടി രൂപയുടെ ബിനാമി ഭൂമിയിടപാട് നടത്തിയെന്നാണ് ആരോപണം. നികുതി വകുപ്പ് അന്വേഷണം തുടങ്ങി. മിസ ഭാരതിയുടെ ഭര്‍ത്താവ് ലൈലേഷ് കുമാര്‍, സഹോദരിമാരായ ചന്ദ, രാഗിണി യാദവ് തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍. ആറ് പേര്‍ക്കും നികുതി വകുപ്പ് നോട്ടീസ് അയച്ചു. മറ്റുള്ളവരുടെ പേരില്‍ സ്വത്ത് വങ്ങിക്കൂട്ടിയെന്നാണ് നോട്ടീസിലെ ആരോപണം.
ഡല്‍ഹിയിലെ ഒരു ആഡംബര വസതി, ഫാം ഹൗസുകള്‍ ഭൂമി, മറ്റ് കെട്ടിടങ്ങള്‍, പാറ്റ്നയിലെ ഭൂമിയിടപാടുകള്‍ തുടങ്ങിയവ ബിനാമി പേരില്‍ നടന്നുവെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. അതേസമയം തനിക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് തേജസ്വി യാദവ് പറഞ്ഞു. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും തേജസ്വി ആരോപിച്ചു.






