മുണ്ടക്കയം: എസ്റ്റേറ്റ് തൊഴിലാളികളെ പി.സി ജോര്‍ജ് എംഎല്‍എ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അദ്ദേഹത്തെ ന്യായീകരിച്ച് മകന് ഷോണ്‍ ജോര്‍ജ്. തൊഴിലാളിയാണെങ്കിലും മുതലാളിയാണെങ്കിലും ആക്രമിക്കാന്‍ വരുന്നവരെ തൊഴിലാളികള്‍ എന്നാണോ വിശേഷിപ്പിക്കേണ്ടതെന്ന് ഷോണ്‍ ജോര്‍ജ് ചോദിച്ചു. സംഭവത്തിന്റെ വീഡിയോ എടുത്ത് മാധ്യമങ്ങള്‍ക്ക് അയച്ചു തന്നവര്‍ പി.സി ജോര്‍ജിനെ വളര്‍ത്താനാണോ ഉപദ്രവിക്കാനാണോ ശ്രമിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് ചോദിച്ചു.
പി.സി ജോര്‍ജിന് സ്വയരക്ഷയ്ക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച് കൊടുത്ത തോക്കാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ സുഖലോലുപനായിട്ടുള്ള എംഎല്‍എ അല്ല പി.സി ജോര്‍ജ്. ജനങ്ങളുടെ ഏത് വിഷയത്തിലഒം നേരിട്ടിടപെടുന്ന വ്യക്തിയാണ് പി.സി ജോര്‍ജ്. അദ്ദേഹം അവിടെ പോയത് എന്തിനാണന്ന് മനസിലാക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
പ്രദേശത്തെ പട്ടിണിപ്പാവങ്ങളായ ജനങ്ങള്‍ക്ക് വഴിയില്ല. മതിലുകെട്ടി അടച്ചു. മരണമുണ്ടായാല്‍ മൃതദേഹം പുറത്ത് കൊണ്ടു വരാന്‍ വഴിയില്ല. അവര്‍ക്ക് വഴിയുണ്ടാക്കി കൊടുക്കാന്‍ പോയതാണ് പി.സി ജോര്‍ജെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. മുതലാളിമാരുടെ കാശ് വാങ്ങി പാവപ്പെട്ടവരെ ആക്രമിക്കാന്‍ ആര് വന്നാലും സമ്മതിക്കില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.






