തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായതെന്നു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്.
വാഗ്ദാനങ്ങള്‍ നടപ്പിലാക്കി മുന്നോട്ടുപോയ സര്‍ക്കാരിനു തുടര്‍ഭരണം പ്രതീക്ഷിച്ചിരുന്നതാണ്. ഇത് എന്തുകൊണ്ടു സാധ്യമായില്ല എന്ന പ്രശ്നം വിശദമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്തു. ഉണ്ടായ പോരായ്മകളെക്കുറിച്ചു വിമര്‍ശനപരവും സ്വയംവിമര്ശനപരവുമായ ചര്‍ച്ചകള്‍ സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായി.
അതേസമയം, വ്യക്തികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകളുണ്ടായില്ല. പോരായ്മകള്‍ പരിശോധിച്ച് തിരുത്തല്‍വരുത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശരിയായ പരിശോധന നടത്തി മുന്നോട്ടുപോയാല്‍ ഈ പരാജയത്തെ അതിജീവിക്കാന്‍ കഴിയുമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.
ഇത്തരം തീരുമാനങ്ങളെ ഇകഴ്ത്തിക്കാണിക്കാനും പാര്‍ട്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നു തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ചിലര്‍ നടത്തുന്നതെന്നു സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.






