
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം യുവനടിയിലേക്ക്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴിയില്‍ പറഞ്ഞ മാഡം എന്നു വിളിക്കുന്ന യുവനടിയിലേക്കാണ് അന്വേഷണം നീളുന്നത്. ഇതു സംബന്ധിച്ച് വ്യക്തമായ വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണു വിവരം. മാഡം എന്നു വിളിക്കുന്ന സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പള്‍സര്‍ സുനി നേരത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, സോളാര്‍ അഴിമതിക്കേസില്‍ സരിത എസ്. നായര്‍ക്കു വേണ്ടി ഹാജരായ വിവാദ അഭിഭാഷകന് ഫെനി ബാലകൃഷ്ണനെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും. കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സുനിയുടെ സുഹൃത്തുക്കള്‍ ഫെനിയെ സമീപിച്ചതായും ഒരു മാഡത്തിന്റെ കാര്യം പറഞ്ഞതായും ദിലീപ് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് ഫെനിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. നാളെ ഫെനിയോട് ആലുവ പോലീസ് ക്ലബില്‍ ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ഹാജരാകാന്‍ അറിയിച്ചിരിക്കുന്നതെന്ന് ഫെനി ബാലകൃഷ്ണന് പറഞ്ഞു.
സുനി കീഴടങ്ങുന്നതിന് മുമ്പ് സഹായം അഭ്യര്‍ഥിച്ച് ഇയാളുടെ സുഹൃത്തുക്കളായ മഹേഷും മനോജും തന്നെ വന്നു കണ്ടു. മാവേലിക്കരയില്‍ വച്ചാണു കണ്ടത്. അന്നു മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അറിയിക്കാമെന്ന് പറഞ്ഞ് ഇവര്‍ മടങ്ങി. പിന്നീട് കീഴടങ്ങുന്നതു സംബന്ധിച്ച് സംസാരിക്കുന്നതിനിടെ മാഡവുമായി സംസാരിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞ് ഇവര്‍ തിരിച്ചുപോയി. ഇതിനുശേഷം പള്‍സര്‍ സുനി അറസ്റ്റിലായി ഒരുമാസം കഴിഞ്ഞ് ദിലീപിനെ താന്‍ വിളിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞു.
തന്നെ സമീപിച്ചവര്‍ ഒരു മാഡത്തിന്റെ കാര്യം പറഞ്ഞിരുന്നുവെന്നും താങ്കള്‍ക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും താന്‍ പറഞ്ഞിരുന്നുവെന്ന് ഫെനി പറഞ്ഞു. ദിലീപ് ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തന്നോട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഫെനി വ്യക്തമാക്കി. എന്നാല്‍, ഇതുസംബന്ധിച്ച വിശദീകരണം നല്കാന് അന്വേഷണ സംഘം തയാറായില്ല.
കേസില്‍ മലയാള സിനിമയിലെ കൂടുതല്‍ പേരെ ചോദ്യം ചെയ്യും. വിവാദമൊഴിവാക്കാന്‍ ചോദ്യംചെയ്യല്‍ രഹസ്യമാക്കുമെന്നും സൂചനയുണ്ട്.
കഴിഞ്ഞദിവസം നടന് ദിലീപ്, സംവിധായകന് നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ ആലുവ പോലീസ് ക്ലബില്‍ 13 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ ശരിയാണോ എന്നു പരിശോധിക്കുന്നതിനായി മൂവരെയും വീണ്ടും ചോദ്യം ചെയ്തേക്കും. ഇതിനു മുമ്പ് ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടിയില്‍ നിന്നും പള്‍സര്‍ സുനിയില്‍ നിന്നും മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന. എന്നാല്‍, അന്വേഷണം ആരിലേക്കാണ് നീങ്ങുന്നതെന്ന സൂചന പോലീസ് നല്‍കിയിട്ടില്ല.
ഇതിനിടെ, ദിലീപിന്റെയും ഇരയായ നടിയുടെയും റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ദിലിപിന്റെ സ്ഥലം ഇടപാടുകളുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി പോലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായി ദിലീപിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും. ഇതിനിടെ, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സുനിയെ എന്നു ചോദ്യം ചെയ്യണമെന്ന് ഇന്നു തീരുമാനിച്ചേക്കും.






