
രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിവാഹം വിവാദത്തില്‍. റീവ സോളങ്കിയുമായി നടന്ന വിവാഹത്തിനിടെ താരത്തിന്റെ ബന്ധുക്കളിലൊരാള്‍ ആകാശത്തേക്കു നിരവധി തവണ വെടിവെച്ചതാണു വിവാദത്തിനു തിരികൊളുത്തിയത്.
രാജ്കോട്ടിലെ ഹോട്ടലിനു പുറത്ത് ജഡേജയെ വിവാഹ വേദിയിലേക്ക് ആനയിക്കുന്നതിനിടെയാണ് ബന്ധുക്കളിലൊരാള്‍ ആകാശത്തേക്കു നിറയൊഴിച്ചത്. ജഡേജയുടെ തൊട്ടരുകില്നിന്നായിരുന്നു ആഘോഷ പ്രകടനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നിയമലംഘനത്തിനു കേസെടുത്തു. ലൈസെന്‍സ് ഉള്ളതാണെങ്കിലും സ്വയ രക്ഷയ്ക്കല്ലാതെ തോക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണു നിയമം. പൊതുസ്ഥലത്ത് തോക്ക് ഉപയോഗിച്ചാല്‍ മൂന്നു കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കാം.
ശനിയാഴ്ച നടന്ന ചടങ്ങിനിടെ രവീന്ദ്ര ജഡേജ വാള് ചുഴറ്റുന്ന ദൃശ്യം വൈറലായിരുന്നു. വൈകി നടന്ന സത്കാരത്തില്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണി, സുരേഷ് റെയ്ന, ഇന്ത്യന്‍ ടീമിലെ മറ്റു താരങ്ങള്‍, വെസ്റ്റിന്‍ഡീസ് താരം ഡെ്വയ്ന്‍ ബ്രാവോ, ജഡേജയുടെ ഗുജറാത്ത് ലയണ്‍സ് അംഗങ്ങളും പങ്കെടുത്തു.


