
തിരുവനന്തപുരം : മൂന്നാര്‍ കയ്യേറ്റമാഫിയയ്ക്ക് എതിരേ ശക്തമായി നില കൊണ്ട ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. ഇദ്ദേഹത്തിന് പകരം മാനന്തവാടി സബ് കളക്ടറെ ദേവികുളം സബ്കളക്ടറാക്കി നിയമിച്ചു. നാലു വര്‍ഷമായി ഉദ്യോഗസ്ഥരെ മാറ്റൂന്നെന്നാണ് ഔദ്യോഗിക വിശദീകരണം. സബ് കളക്ടറെ മാറ്റില്ലെന്ന റവന്യൂമന്ത്രിയുടെ ഉറപ്പിനെ മറികടന്നാണ് തീരുമാനം.
എംപ്ളോയ്മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറേറ്റ് മേധാവിയാക്കി നിയമിച്ചു കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിരിക്കുന്നത്. ശ്രീറാമിനെ മാറ്റില്ലെന്ന് റവന്യൂമന്ത്രി നേരത്തേ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി തീരുമാനം എടുക്കുകയായിരുന്നെന്നാണ് വിവരം. മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഭൂമാഫിയയ്ക്കെതിരേയും അനധികൃത കയ്യേറ്റങ്ങള്‍ക്ക് എതിരേയും ശക്തമായ നിലപാട് എടുത്ത ശ്രീറാമിനെ മാറ്റിക്കൊണ്ട് മൂന്നാര്‍ വിഷയത്തില്‍ ഇടഞ്ഞു നിന്ന സിപിഐയ്ക്കാണ് മറുപടി നല്‍കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
വളരെ ചുരുങ്ങിയ കാലമാണ് പ്രവര്‍ത്തിച്ചത് എങ്കിലും ശ്രീറാം ഭൂമാഫിയ്ക്ക് എതിരേ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശ്രീറാമിനെ മാറ്റാന്‍ സിപിഎം ജില്ലാ നേതൃത്വത്തില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. വകുപ്പ് മേധാവിയാക്കിക്കൊണ്ടാണ് മാറ്റം കൊണ്ടുവന്നിരിക്കുന്ന തെന്ന് സര്‍ക്കാരിന് ന്യായീകരിക്കാം എങ്കിലും രാഷ്ട്രീയ ഉള്ളുകള്ളികളാണ് തീരുമാനത്തിന് പിന്നിലെന്ന് ആണ് വിശദീകരണം. പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ക്കും കയ്യേറ്റ മാഫിയയ്ക്കും ശ്രീറാം വെങ്കിട്ടരാമന് വലിയ തലവേദനയായി മാറിയിരുന്നെന്നാണ് വിലയിരുത്തല്‍.






