
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പള്‍സര്‍ സുനിയുമായി ഫോട്ടോ എടുക്കുമ്പോള്‍ ഉള്ള പരിചയം മാത്രമേയുണ്ടായിരുന്നുള്ളെന്ന് നടന് ധര്മ്മജന് ബോള്‍ഗാട്ടി. സുനിയുമായി കെട്ടിപ്പിടിച്ചു നില്ക്കുന്ന ധര്‍മ്മജന്റെ ഫോട്ടോ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ധര്‍മ്മജനെയും ദിലീപിന്റെ അനുജന് അനൂപിനെയും ആലുവ പോലീസ് ക്ളബ്ബിലേക്ക് വിളിച്ച് വരുത്തി പോലീസ് മൊഴിയെടുക്കുകയും ചെയ്തിരുന്നു. പള്‍സര്‍ സുനിയുമായുള്ള ബന്ധം അറിയാനായിട്ടായിരുന്നു ധര്‍മജനെ ചോദ്യം ചെയ്തത്.
ഇയാളെ നേരിട്ട് പരിചയമില്ലെന്നും ഫോട്ടോ എടുക്കുമ്പോള്‍ ഉള്ള പരിചയം മാത്രമേ ഉള്ളൂവെന്നും ധര്മജന് മൊഴി നല്കി. നടന് ദിലീപിന്റെയും സംവിധായകന് നാദിര്‍ഷയുടെയും അടുത്ത സുഹൃത്ത് കൂടിയാണ് ധര്മ്മജന്. ദിലീപിനൊപ്പം ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ധര്മ്മജന് നാദിര്‍ഷയുടെ കട്ടപ്പനയിലെ ഹൃത്വിക് റോഷന് എന്ന ചിത്രത്തില്‍ മൂഴുനീള വേഷവും ചെയ്തിരുന്നു.
എന്നാല്‍ കേസില്‍ ആരോപണവിധേയരായ നടന് ദിലീപിനെയോ സംവിധായകന് നാദിര്‍ ഷായെയോ നേരിട്ടു ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. സുനിയുടെ മൊഴി പോലീസ് പൂര്‍ണമായും കണക്കിലെടുത്തിട്ടില്ല. നിലവില്‍ ലഭിച്ച തെളിവ് സുനിയുടെ ഫോണ്‍ രേഖകളും ദിലീപിന്റെ ഒപ്പം സുനി നില്ക്കുന്ന ഫോട്ടോയും മാത്രമാണ്. മാനേജര്‍ അപ്പുണ്ണിയുടെ ഫോണിലേക്ക് സുനി വിളിച്ചതായി തെളിയിവുണ്ടെങ്കിലും ദിലീപിനെ നേരിട്ട് ബന്ധിപ്പിക്കുന്നില്ല.
നാദിര്‍ ഷായുടെ ഫോണിലേക്കും സുനിയുടെ ഫോണ്‍ കോള്‍ വന്നിട്ടുണ്ടെങ്കിലും ഇതിലും നടിയെ ആക്രമിച്ച കേസുമായി നേരിട്ട് ബന്ധം ആരോപിക്കാനാവില്ല. എന്നാല്‍ പള്‍സര്‍ സുനിയുടെയും സഹതടവുകാരുടെയും മൊഴിയും ലഭിച്ച ഫോണ്‍ കോള്‍ രേഖകളും മുന്‍നിര്‍ത്തി ദിലീപിനെയും നാദിര്‍ ഷായെയും വീണ്ടും ചോദ്യം ചെയ്യും. നിലവില്‍ നടി ആക്രമിക്കപ്പെടാനിടയായ സാഹചര്യവും പള്‍സര്‍ സുനിയുമായി താരങ്ങള്‍ക്കുള്ള ബന്ധവുമാണ് അന്വേഷിക്കുന്നത്. സിനിമാതാരങ്ങളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവില്ലെന്നാണ് സൂചനകളെങ്കിലും ദിലീപ് ഇപ്പോഴും സംശയനിഴലില്‍ തന്നെയാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് 'മംഗള'ത്തോടു പറഞ്ഞു.






