
തിരുവനന്തപുരം: നെയ്യാറ്റിൻകരയ്ക്ക് സമീപം 22കാരൻ കൊല്ലപ്പെട്ട സംഭവത്തിലേക്ക് നയിച്ച തർക്കത്തിന് കാരണമായ ബൈക്ക് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തി. കുഴിപ്പള്ളത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് ബൈക്ക് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്.
കുഴിപ്പള്ളം സ്വദേശി മനു എന്നറിയപ്പെടുന്ന മനോജിന്റെ (22) കൊലപാതകത്തിന് വഴിവെച്ചത് ബൈക്ക് ഇരപ്പിച്ച് ശബ്ദമുണ്ടാക്കിയതിനെച്ചൊല്ലിയുള്ള അയൽവാസികളുമായുള്ള തർക്കമായിരുന്നു. സംഭവത്തിൽ അയൽവാസിയായ ബിജുവിനെയും മക്കളായ മിഥുൻ, അമ്പാടി, പ്രായപൂർത്തിയാകാത്ത ഒരു സുഹൃത്ത് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഞായറാഴ്ച വൈകിട്ട് അമ്പാടിയുടെ ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് വാഹനം മനുവിന്റെ വീടിന് മുന്നിൽ നിർത്തിയിരുന്നു. തുടർന്ന് സുഹൃത്ത് പെട്രോൾ എത്തിച്ച് ബൈക്കിൽ നിറച്ച ശേഷം ഇരപ്പിച്ചതാണ് തർക്കത്തിന് തുടക്കമായത്. വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും മനുവിന് കുത്തേൽക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മനു പിന്നീട് മരിച്ചു.
മനുവിനെ കുത്തിക്കൊലപ്പെടുത്തിയതിലുള്ള വിരോധത്തെ തുടർന്ന് മനുവിന്റെ സുഹൃത്തുക്കളിൽ ആരെങ്കിലും ബൈക്ക് തീയിട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മനു മരിച്ചതിന് പിന്നാലെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ പ്രതികൾക്ക് നേരെയും ആക്രമണശ്രമമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ബൈക്ക് കത്തിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






