
മാവേലിക്കര തഴക്കരയ്ക്കടുത്ത് വഴുവാടിയില്‍ ശ്രീജ സന്തോഷിന്റെ തട്ടുകടയില്‍ ദോശയ്ക്ക് കൂട്ടിന് ആറു കൂട്ടം വിഭവങ്ങളുണ്ട്. രുചിക്കൂട്ടുകളുടെ ഒരു സംഗമം തന്നെയാണ് ആ തട്ടുകട...
യാത്രകളില്‍ സ്വാദിന്റെ ഇരിപ്പിടമായി മാറുന്ന തട്ടുകടകള്‍. ദിവസക്കൂലിക്കാര്‍ക്കും മറ്റും ചായയും ചെറുകടിയും നല്‍കിയിരുന്ന, തടി അലമാരകളും ബഞ്ചും ഡസ്കും നിറഞ്ഞ ചെറുചായക്കടകള്ക്ക് വംശനാശം സംഭവിച്ചപ്പോഴാണ് തട്ടുകടകള്‍ ജനിച്ചത്.
ഇന്ന് പല കുടുംബങ്ങളുടെയും വരുമാനമാര്‍ഗ്ഗമാണ് തട്ടുകടകള്‍. കുടുംബശ്രീയും സ്ത്രീകൂട്ടായ്മകളും ഏറ്റെടുത്തതോടെ തട്ടുകടയില്‍ വളകിലുക്കവും തുടങ്ങി. നഗരങ്ങളിലെ മാത്രമല്ല നാട്ടിന്‍പുറങ്ങളിലെയും രാത്രിഭക്ഷണം ഇപ്പോള്‍ തട്ടുകടകളിലാണ്.
സെക്കന്‍ഡ് ഷോ കഴിയും വരെ തുറന്നിരിക്കുന്ന തട്ടുകടകള്‍ ദീര്‍ഘദൂരയാത്രികര്‍ക്കും വന്നുതാമസിക്കുന്നവര്‍ ക്കും അനുഗ്രഹവുമാണ്. തട്ടുകടയിലെ രുചിവൈവിധ്യങ്ങള്‍ കേട്ടറിഞ്ഞ് പാഴ്സലുകള്‍ വാങ്ങാനും ഒരുമിച്ചിരുന്നു കഴിക്കാനും എത്തുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. കുടുംബസമേതം കഴിക്കാനെത്തുന്നവരുടെയും എണ്ണവും കൂടിവരുകയാണ്.
പലരും സാഹചര്യവശാല്‍ ഈ ബിസിനസ്സിലേക്ക് ഇറങ്ങുന്നവരാണ്. ഇഷ്ടത്തോടെയല്ല തട്ടുകട തുടങ്ങുന്നതെങ്കിലും നാവിനു രുചി തേടി അലയുന്നവരുടെ നല്ല വാക്കു കേള്‍ക്കുമ്പോള്‍ മനസ്സില്‍ അവശേഷിക്കുന്ന ഇഷ്ടക്കേടുകള്‍ മാറിക്കിട്ടും.
മാവേലിക്കര തഴക്കര വഴുവാടിയ്ക്കടുത്ത് ശ്രീജ തട്ടുകട ഏറ്റെടുത്തത് ഭര്‍ത്താവിന് വിദേശത്ത് ജോലി കിട്ടിയതു കൊണ്ടാണ്. ശ്രീജയുടെ തട്ടുകടയെ മറ്റുള്ള കടകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത് രുചിയേറുന്ന വിഭവങ്ങളും അതിലെ വൈവിധ്യങ്ങളുമാണ്...
തുടക്കം അവിചാരിതം
ഞാന്‍ ശ്രീജ സന്തോഷ്. തൊടുപുഴയിലാണെന്റെ നാട്. വിവാഹശേഷമാണ് വഴുവാടിയിലേക്ക് കുടിയേറിയത്. ഭര്‍ത്താവ് സന്തോഷ്കുമാറിന് ദിവസവേതന ജോലിയായിരുന്നു.
സാമ്പത്തികബുദ്ധിമുട്ടുകളുണ്ടെങ്കിലും വലിയ കുഴപ്പമില്ലാത്ത ജീവിതമായിരുന്നു. അമ്മായിയമ്മപ്പോരോ വഴക്കോ ഒന്നും ഭര്‍ത്താവിന്റെ അമ്മ ശാന്തമ്മ എന്നോട് കാണിച്ചിട്ടില്ല. ബുദ്ധിമുട്ടുകള്‍ക്കിടയിലും സംതൃപ്തകുടുംബം നയിക്കാ ന് അമ്മയെന്നെ ഒരുപാട് പിന്തുണച്ചു.
കാലാവസ്ഥ മാറുമ്പോള്‍ ചേട്ടനു പണിയില്ലാത്ത അവസ്ഥയില്‍ പണത്തിന്റെ ബുദ്ധിമുട്ട് പലപ്പോഴും ഞങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. ചേട്ടനെ സഹായിക്കാന്‍ അക്കാലത്ത് ഞാന്‍ ഒരു തുണിക്കടയിലും പോയിരുന്നു.
രാവിലെ എട്ടിനു പോയാല്‍ രാത്രി എട്ടാവും തിരികെയെത്താന്‍. മക്കളുടെ കാര്യമോ വീട്ടിലെ കാര്യമോ ഒന്നും നോക്കാന്‍ പറ്റാതായപ്പോള്‍ ഞാന്‍ ആ ജോലി ഉപേക്ഷിച്ചു. വീണ്ടും സാമ്പത്തികം മുന്നിലൊരു ചോദ്യചിഹ്നമായി. അങ്ങനെയാണ് ഒരു സംരംഭം തുടങ്ങുന്നതിനെക്കുറിച്ച് ചേട്ടന് അമ്മയോട്
സംസാരിക്കുന്നത്.
എന്തുകൊണ്ടാണെന്നറിയില്ല ചേട്ടന് തട്ടുകടയിലായിരുന്നു താത്പര്യം. ആത്മാര്‍ത്ഥമാണെന്ന് തോന്നിയതു കൊണ്ടാവാം അമ്മ സമ്മതം പറഞ്ഞു. പക്ഷേ എനിക്ക് എന്തോ വലിയ താത്പര്യം തോന്നിയില്ല.
ചേട്ടനത് ഒറ്റയ്ക്ക് കൊണ്ടുപോകാനാകുമോ എന്ന പേടിയായിരുന്നു. ചേട്ടന്റെ താത്പര്യം തിരിച്ചറിഞ്ഞതോടെ മനസ്സില്ലാ മനസ്സോടെ ഞാനും സമ്മതം പറഞ്ഞു. അങ്ങനെയാണ് കിരാതന്‍കാവ് ശിവക്ഷേത്രത്തിന് സമീപം ചെറിയൊരു മേശയും കസേരയുമിട്ട് ഒരു പാവം തട്ടുകട തുടങ്ങുന്നത്.
തട്ടുകടയുടെ ബാല്യകൗമാരങ്ങള്‍
ഉച്ചമയക്കമൊക്കെ കഴിഞ്ഞ് സൂര്യന് അസ്തമിച്ചു കഴിഞ്ഞാണ് ചേട്ടന് തട്ടുകട തുറക്കുന്നത്. ഓംലെറ്റും ബുള്‍സൈയും ചിക്കനും ദോശയ്ക്കൊപ്പം കൊടുക്കാനായിരുന്നു പ്ലാന്‍. സ്ഥിരം തേങ്ങാച്ചമ്മന്തിക്കു പകരം മൂന്നു കൂട്ടം കറിയും വേണമെന്ന് ചേട്ടന് പറഞ്ഞപ്പോള്‍ എനിക്കും കൗതുകം തോന്നി.
അങ്ങനെ പച്ചമുളക് ചമ്മന്തി, മുളകുചമ്മന്തി, മാങ്ങാ-ജാതിക്കാ അച്ചാര്‍ എന്നിവയും നല്കി. സത്യം പറഞ്ഞാല്‍ ഞാനൊട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു ആദ്യ ദിവസം തന്നെ കിട്ടിയത്.
പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ കഴിക്കാന്‍ വന്നു തുടങ്ങി. കറിയിലെ വൈവിധ്യം തന്നെയാകാം എല്ലാവരെയും ആക ര്ഷിച്ചത്. ചേട്ടന് ഒറ്റയ്ക്ക് കൊണ്ടുപോകാ ന് പറ്റാതെ വന്നപ്പോള്‍ സഹായത്തിന് ഒരു സുഹൃത്തിനെയും കൂട്ടി. വലിയ കുഴപ്പമില്ലാത്ത ബിസിനസ്സ് തന്നെയായിരുന്നു ആദ്യം.
പക്ഷേ മഴ ഞങ്ങള്‍ക്ക് ചതിയായി. ഇരുന്നു കഴിക്കാനുള്ള അസൗകര്യവും, മേശപ്പുറത്ത് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള പ്രശ്നങ്ങളും. കട അടച്ചിടേണ്ടി വന്നു.
വീണ്ടും സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകള്‍. തട്ടുകടയില്‍ നിന്നുള്ള വരുമാനം ചെറുതെങ്കിലും എത്രമാത്രം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ നാളുകള്‍. അവസാനം കടം വാങ്ങിയിട്ടാണെങ്കിലും വീണ്ടും കട തുറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ഞാനും പങ്കാളിയാകുന്നു
ചേട്ടന്റെ സുഹൃത്ത് മറ്റൊരു ജോലി തേടി പോയി. ചേട്ടനെ കൊണ്ട് എല്ലാം ഒറ്റയ്ക്ക് നോക്കുക കഷ്ടപ്പാടും ബുദ്ധിമാണെന്ന് തോന്നിയപ്പോള്‍ മനസ്സില്ലാമനസ്സോടെ ഞാനും ഒപ്പം പോയിത്തുടങ്ങി. ഒരു പെട്ടിക്കട വാങ്ങുകയാണ് ആദ്യം ചെയ്തത്. പിന്നെ കസേരയും മേശയുമൊക്കെ വാങ്ങി. ഇരുന്നു കഴിക്കാന്‍ പാകത്തിന് ടാര്പ്പോളിന് മേല്ക്കൂരയുമുണ്ടാക്കി.
ആറു മണിയാകുമ്പോള്‍ തുറക്കും. രാത്രി പത്തു മണി വരെയൊക്കെ ചിലപ്പോള്‍ ആളുകള്‍ എത്തും. ചില ദിവസങ്ങളില്‍ പാഴ്സലൊക്കെ കൂടുതലാണ്. അന്ന് എട്ടു മണിയോടെ ഉണ്ടാക്കിയ സാധനങ്ങള്‍ തീരും. എനിക്കുമത് നല്ലതാണെന്ന് തോന്നി.
കാരണം കടയില്‍ ജോലിക്കു കയറിയാല്‍ പോലും രാത്രി വീട്ടിലെത്തുമ്പോള്‍ ഒരു സമയമാകും. അതിരാവിലെ കുട്ടികളുടെ കാര്യം നോക്കും മുമ്പ് പോകുകയും വേണം. ഇത് നമ്മുടെ സൗകര്യത്തിനു ചെയ്യാം.
കഴിച്ച ശേഷം പലരും നല്ലതെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്. കഴിക്കുന്നവരുടെ മനസ്സു നിറയുന്നതാണ് ഏറ്റവും വലിയ കൈപ്പുണ്യം. അതോടെ എനിക്കുമിത് താത്പര്യമായിത്തുടങ്ങി. ഉച്ചവരെ കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കും, അതു കഴിഞ്ഞ് സാധനങ്ങള്‍ റെഡിയാക്കും. എല്ലാം ഞാന്‍ തന്നെയാണ് തയാറാക്കുന്നത്. വീട്ടിലെയും കടയിലെയും കാര്യങ്ങള്‍ മാനേജ് ചെയ്യാനും പറ്റി.
അമരത്തേക്ക്...
ഈശ്വരന് എക്കാലത്തും ദുഃഖം മാത്രം തരില്ലല്ലോ. മൂന്നു മാസം മുമ്പ് അപ്രതീക്ഷിതമായി മസ്ക്കറ്റിലൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഒഴിവു വന്നപ്പോള്‍ ചേട്ടന് അവിടേക്ക് പോകാന്‍ കഴിഞ്ഞു. ജോലി കിട്ടിയെന്നറിഞ്ഞപ്പോള്‍ സന്തോഷമായെങ്കിലും തട്ടുകട നിര്‍ത്തിയിട്ട് പോകണമെന്ന സങ്കടമായിരുന്നു ചേട്ടന്.
എല്ലാ നന്മകള്ക്കും കാരണം കടയായതു കൊണ്ട് നിര്‍ത്തിയിട്ട് പോകാനും മടി. അവസാനം ആ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കാന്‍ ചേട്ടന്റെ അമ്മയും നിര്‍ദ്ദേശിച്ചു. ആദ്യമൊരു ധൈര്യക്കുറവുണ്ടായിരുന്നു. ചേട്ടന്റെ അമ്മാവന്റെ മകന് ശ്രീക്കുട്ടന് ഒപ്പം വരാമെന്ന് സമ്മതിച്ചപ്പോള്‍ പകുതി ആശ്വാസമായി. അങ്ങനെ ഞാനും അവനും കൂടി തട്ടുകട വീണ്ടും സജീവമാക്കി.
ഭര്‍ത്താവ് തുടങ്ങി വച്ച തട്ടുകടയില്‍ സഹായിയായി പോയ ഞാനിപ്പോള്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്തു. എല്ലാത്തിനും പിന്തുണയായി ചേട്ടന്റെ അമ്മയുമുണ്ട്.
മാങ്ങാ - ജാതിക്ക അച്ചാര്‍
ശ്രീജചേച്ചിയുടെ തട്ടുകടയിലെ സ്പെഷ്യല്‍ അച്ചാര്‍ ഏവര്‍ക്കും പ്രിയങ്കരമാണ്. അതിന്റെ രുചിക്കൂട്ട് ചേച്ചി തന്നെ പറയുന്നു.
ആവശ്യമുള്ള സാധനങ്ങള്‍
മാങ്ങ - രണ്ട് കപ്പ് (അരിഞ്ഞത്)
ജാതിക്ക - പത്ത് എണ്ണം (കുരു കളഞ്ഞ് അരിഞ്ഞത്)
മുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി - ഒരു നുള്ള്
ഉപ്പ്- ആവശ്യത്തിന്
കടുക് - ഒരു ടേബിള്‍സ്പൂണ്‍
എണ്ണ - ആവശ്യത്തിന്
കറിവേപ്പില - ഒരു രണ്ട് തണ്ട്
വറ്റല്‍മുളക് - മൂന്ന് എണ്ണം
വിനാഗിരി - ഒരു ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
അരിഞ്ഞ ജാതിക്കയും മാങ്ങയും അല്പം വെള്ളമൊഴിച്ച് വേവിക്കുക. വെന്ത ശേഷം മുളകുപൊടി പുരട്ടി വയ്ക്കുക. എണ്ണ ചൂടാക്കി അതിലേക്ക് കടുക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിക്കുക. ഉപ്പും കായപ്പൊടിയും പുരട്ടി വച്ചിരിക്കുന്ന ജാതിക്കയും മാങ്ങയും ചേര്‍ക്കുക. ചെറുചൂടില്‍ വാങ്ങി വയ്ക്കുക. പത്തുമിനിറ്റിന് ശേഷം അല്പം വിനാഗിരി ഒഴിച്ച് നന്നായി ഇളക്കുക.
ലക്ഷ്മി ബിനീഷ്