
പത്തനംതിട്ട: പാല് ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട്ടില്‍നിന്നും അത്യുല്പാദന ശേഷിയുള്ള പശുക്കളെ കേരളത്തില്‍ എത്തിക്കുന്നതിന്റെ മറവില്‍ ഡെയറി,ഫീല്‍ഡ് ഓഫീസര്‍മാരും ഇടനിലക്കാരും തട്ടിയെടുക്കുന്നതു ലക്ഷങ്ങള്‍. ഇവരുടെ കെണിയില്‍പ്പെടുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സബ്സിഡിയായി ലഭിക്കുന്ന പണം പ്രയോജനപ്പെടുന്നില്ല.
കൈയില്‍നിന്ന് അധിക തുക ചെലവാക്കേണ്ടിയും വരുന്നു. ഇതോടെ കാലിക്കൃഷി നഷ്ടത്തിലേക്കു കൂപ്പുകുത്തുകയാണ്. കര്‍ഷകരില്‍നിന്നും കന്നുകാലികള്‍ക്കായി അപേക്ഷ ക്ഷണിക്കുമ്പോള്‍ മുതല്‍ അഴിമതിക്കു കളമൊരുങ്ങുന്നു. മില്‍മയില്‍ പാല് കൊടുക്കുന്ന കര്‍ഷകര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. എന്നാല്‍ ഡെയറി ഓഫീസര്‍മാരെ പ്രീതിപ്പെടുത്തുന്നവര്‍ക്ക് പട്ടികയില്‍ വേഗം കയറിപ്പറ്റാം.
അത്യുല്‍പ്പാദന ശേഷിയുള്ള പശുക്കളെ കണ്ടെത്താന്‍ തമിഴ്നാട്ടിലെ ഈറോഡ്, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് ഡെയറി ഓഫീസര്‍, ഫീല്‍ഡ് ഓഫീസര്‍, വെറ്റിനറി ഡോക്ടര്‍, എന്നിവര്‍ക്കൊപ്പം കര്‍ഷകനും യാത്രയാകുന്നു.
പൊള്ളാച്ചി, ഈറോഡ് ചന്തകളിലെ കച്ചവടം നിയന്ത്രിക്കുന്നത് ശെല്‍വരാജ് എന്ന ഏജന്റാണ്. കേരളത്തിലുള്ള മിക്ക ഡെയറി ഓഫീസര്‍മാരും ഈ ഏജന്റുമായാണ് ബന്ധപ്പെടുന്നത്.
രണ്ടു മുതല്‍ പത്തു പശുക്കള്‍ വരെ വാങ്ങുന്ന ക്ഷീരകര്‍ഷകര്‍ കേരളത്തിലുണ്ട്. ഒരു പശുവിന് സര്‍ക്കാര്‍ സബ്സിഡി 36,000 രൂപയാണ്. നല്ല ഗുണനിലവാരമുള്ള ഒരു പശുവിന് 50,000 രൂപയാണ് സര്‍ക്കാര്‍ വില നിശ്ചയിക്കുന്നത്. എന്നാല്‍ ഏജന്റ് ചൂണ്ടിക്കാട്ടുന്ന പശുവിന് 65,000 രൂപ വരെ വില പറയും. ഈ ഇനത്തില്‍ മാത്രം കര്ഷകന് 15,000 രൂപയാണു നഷ്ടം. 65,000 രൂപയ്ക്കു വില്‍ക്കുന്ന പശുവിന്റെ യഥാര്‍ഥവില നാല്പ്പതിനായിരവും അതില്‍ താഴെയുമായിരിക്കും. ഈ ഇനത്തിലും കര്‍ഷകനു പതിനയ്യായിരം രൂപ നഷ്ടമാകുന്നു. പത്തുപശുക്കളെ വാങ്ങുന്ന കര്ഷകന് കുറഞ്ഞത് രണ്ടുലക്ഷം രൂപ നഷ്ടമാകും. ഈ പണം ഡയറി ഓഫീസറും ഫീല്‍ഡ് ഓഫീസറും വെറ്റിനറി ഡോക്ടറും പങ്കിട്ടെടുക്കുകയാണ് പതിവ്. ഏജന്റിന് കമ്മീഷനും ലഭിക്കും.
10 പശുക്കള്‍ക്കു സബ്സിഡി ഇനത്തില്‍ 3,60,000 രൂപ ലഭിക്കുമ്പോള്‍ കര്ഷകന് സ്വന്തം പോക്കറ്റില്‍ നിന്നും 2,60,000 രൂപ ചെലവാകും. പശുക്കളുമായി കേരളത്തില്‍ എത്തുമ്പോഴാണ് പ്രശ്നം രൂക്ഷമാകുന്നത്. പ്രതിദിനം 16 ലിറ്റര്‍ പാല് കറക്കാമെന്നു പറഞ്ഞു വില്‍ക്കുന്ന പശുവിന് അഞ്ചു ലിറ്റര്‍ പാല്പോലും ലഭിക്കാറില്ലെന്നു കര്‍ഷകര്‍ പറയുന്നു.
പരാതിപ്പെട്ടാല്‍ കാലാവസ്ഥയിലെ മാറ്റംമൂലമാണെന്ന് പറഞ്ഞ് അധികൃതര്‍ തടിതപ്പും. ചില പശുക്കള്‍ ദിവസങ്ങള്‍ക്കുള്ളില്‍ മരണപ്പെടുകയും ചെയ്യുന്നു. ട്രാന്‍സിറ്റ് ഇന്‍ഷുറന്‍സ് പോലുള്ള മതിയായ മുന്‍കരുതലുകള്‍ ഇല്ലാതെ ഉരുക്കളെ കടത്തികൊണ്ടുവരുമ്പോള് യാത്രാമധ്യേ ഉണ്ടാകുന്ന നഷ്ടത്തിന് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരുമല്ല.
വ്യക്തിഗത/ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കര്‍ഷകരെ കണ്ടെത്തി പ്രത്യേക പദ്ധതി തയാറാക്കി ബാങ്ക് വായ്പ തരപ്പെടുത്തി നല്കുന്ന ഉദ്യോഗസ്ഥരും ഉണ്ട്. ഇതിലൂടെയും വന്‍ തുകയാണ് ക്ഷീരവികസന ഉദ്യോഗസ്ഥരുടെ പോക്കറ്റിലെത്തുന്നത്. ചില അവസരങ്ങളില്‍ ഉദ്യോഗസ്ഥനുള്ള കമ്മീഷനായി പശുക്കളെ സമ്മാനിക്കുന്ന ഏജന്റുമാരുമുണ്ട്. ഈ "കമ്മീഷന് പശുക്കളെ" കര്‍ഷകന്റെ മേല്‍ ഉദ്യോഗസ്ഥര്‍ കെട്ടിവയ്ക്കും. സംസ്ഥാനത്ത് പാല് ഉല്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി മൂലം എന്ത് പ്രയോജനമാണ് ഉണ്ടാകുന്നതെന്ന് കര്‍ഷകര്‍ ചോദിക്കുന്നു. പാല് ഉത്പാദനത്തില്‍ കാര്യമായ നേട്ടം ഉണ്ടാകാത്തതിന് കാരണം ഉദ്യോഗസ്ഥര്‍ കാട്ടുന്ന ഇത്തരം തട്ടിപ്പാണെന്നും കര്‍ഷകര്‍ വ്യക്തമാക്കുന്നു.






